ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ട്‌പോകുന്നതിന്റെ അളവ് കുറച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും വര്‍ധിച്ചു. 141.05 അടിയാണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടു പോകുന്നത്.
മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജല നിരപ്പും കുറഞ്ഞിരുന്നു. ഇപ്പോള്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതോടെയാണ് ജലനിരപ്പ് വീണ്ടും വര്‍ധിച്ചത്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്നും കേസില്‍ അടിയന്തര ഉത്തരവ് ഇപ്പോള്‍ വേണ്ടെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനമെടുത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനായി നിലവില്‍ തീരുമാനിച്ചിരിക്കുന്ന റൂള്‍കര്‍വ് പുനക്രമീകരിക്കണമെന്നും കേരളം ആവശ്യമുന്നയിച്ചിരുന്നു. അതേസമയം നിലവിലെ റൂള്‍കര്‍വ് അനുസരിച്ച് ജലനിരപ്പ് ഈ മാസം 142 അടിയാക്കി ഉയര്‍ത്താന്‍ തല്‍ക്കാലം തമിഴ്‌നാടിന് തടസവുമില്ല.
തുടര്‍ന്ന് കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധനയാണ് വേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിക്കുകയും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നുമായിരുന്നു കേരളത്തിന്റഖെ ആവശ്യം. അതുവരെ മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍കര്‍വ് പ്രകാരം ജലനിരപ്പ് നിശ്ചയിക്കാനുള്ള ഇടക്കാല ഉത്തരവ് തുടര്‍ന്നതില്‍ എതിര്‍പ്പില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേസ് ഡിസംബര്‍ 10ലേക്ക് മാറ്റിവെക്കുകയായിരുന്നു.