കൊച്ചി: ആലുവയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ യുവതി തുങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടയപ്പുറം സ്വദേശി മൊഫിയ പര്‍വീന്‍ (21) ആണ് മരിച്ചത്. ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ ആലുവ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയാണ് പരാതി നല്‍കിയത്.
ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സി.ഐ സി.എല്‍ സുധീറിനുമെതിരെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. നിശ്ചയം മാത്രമാണ് നടന്നതെന്നും പിന്നീട് യുവാവിന്റെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും കുടുംബം പറഞ്ഞു.
സ്ത്രീധനമായി ഒന്നും ആവശ്യമില്ല, മകളെ മാത്രം നല്‍കിയാല്‍ മതി എന്നാണ് യുവാവിന്റെ കുടുംബം പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീധനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. മൊഫിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടുകളാണ് പെണ്‍കുട്ടി സഹിച്ചത് എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അശ്ലീല ചിത്രങ്ങള്‍ കാണുന്ന ഭര്‍ത്താവിനെ അയാളുടെ മാതാപിതാക്കളും പിന്തുണച്ചിരുന്നു. ഒരു മാസം മുന്‍പ് ഭര്‍ത്താവ് യുവതിയോട് മുത്ത്വലാഖ് ചൊല്ലിക്കൊണ്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് നീങ്ങിയപ്പോഴാണ് യുവതി ആലുവ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഒരു ഫലമുണ്ടായില്ല.
ഇന്നലെ സി.ഐയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പക്ഷം ചേര്‍ന്നാണ് പോലീസ് സംസാരിച്ചത് എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പരാതി നല്‍കിയപ്പോള്‍ ആലുവ സിഐ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയത് എന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നു.
ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയിലാണ് സ.ിഐ സംസാരിച്ചത്. ഭര്‍ത്താവും വീട്ടുകാരും ക്രിമിനലുകളാണെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഇതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ ആലുവ സി.ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം.