തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചുരുളി സിനിമയിലെ അശ്ലീല പരാമര്‍ശങ്ങളെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നതിനിടെ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്. ലിജോ ജോസ് പെല്ലിശേരി സംവിധാന ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളി എന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയുള്ളതല്ലെന്നാണ് വിശദീകരണം. നേരത്തെ, ഈ ചിത്രത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
എന്നാല്‍, പിന്നീട് കട്ട് ചെയ്യാത്ത രംഗങ്ങള്‍ ഉള്‍പ്പെടെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ റിലീസിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലാത്തതിനാല്‍ സെന്‍സര്‍ ബോര്‍ഡിന് ഇടപെടാന്‍ കഴിയില്ലെന്ന സാങ്കേതികത്വവു നിലനില്‍ക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം വന്നതോടെ വിവാദം കൂടുതല്‍ കൊഴുക്കുമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചുരുളി പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ ഇത്രത്തോളം അശ്ലീല പരാമര്‍ശങ്ങളും അസഭ്യ പ്രയോഗങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ചിത്രത്തിനെതിരെ പരാതി നല്‍കിയവര്‍ ചൂണ്ടിക്കാട്ടുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം ഇങ്ങനെ:
ഒ.ടി.ടിയില്‍ കാണിക്കുന്ന സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ല. ചുരുളി മലയാളം സിനിമയ്ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സി.ബി.എഫ്.സി മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.
മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്!സി റീജിയണല്‍ ഓഫീസര്‍ പാര്‍വതി അറിയിച്ചു. ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
ഒരുവിഭാഗം ആള്‍ക്കാര്‍ ചിത്രത്തെ ഏറ്റെടുത്തപ്പോള്‍ മറുവിഭാഗം സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചു. കഥാ സന്ദര്‍ഭത്തിന് അനുസരിച്ചുള്ള പദ പ്രയോഗങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂവെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാല്‍, ടെലിവിഷനിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇത് കാണുന്നുണ്ടെന്നും തിയേറ്ററിലാണെങ്കില്‍ ആവശ്യക്കാര്‍ മാത്രം കണ്ടാല്‍ മതിയായിരുന്നുവെന്നും മറുവിഭാഗം പറയുന്നു.
കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്!തത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, തുടങ്ങിയവരാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന അറിയിപ്പോടെ പ്രദര്‍ശനത്തിനെത്തിയ ചുരുളിയിലെ പ്രധാന താരങ്ങള്‍.