കൊച്ചി: മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്‌റ്റേഡിയം റോഡിലെ മാജിക് െ്രെഫ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് പരിശോധന.
അടുത്തിടെ ഒ.ടി.ടി പ്ലാറ്റ് ഫോമുകളുമായി വന്‍ തുകയുടെ പണമിടപാട് നടത്തിയ നിര്‍മ്മാതാക്കളാണ് മൂന്ന് പേരും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. കൊച്ചി ആദായനികുതി വകുപ്പിന്റെ സി.ഡി.എസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. കൃത്യമായി സിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകള്‍ വഴിയാണോ പണമിടപാടുകള്‍ നടത്തിയിരിക്കുന്നത്, മൂന്ന് നിര്‍മ്മാതാക്കളുടെയും വരുമാനം , മറ്റ് പണമിടപാടുകള്‍ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്നതോടെ ഒ.ടി.ടി പ്ലാറ്റ് ഫോമുകളെയാണ് ചലചിത്ര പ്രദര്‍ശനത്തിനായി നിര്‍മ്മാതാക്കള്‍ കൂടുതലായും ആശ്രയിച്ചിരുന്നത്. ഇത്തരത്തില്‍ സിനിമകള്‍ നല്‍കുമ്പോള്‍ പല തരത്തിലാണ് നിര്‍മ്മാതാക്കള്‍ക്ക് പണം ലഭിക്കുക. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. അതേസമയം സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.