കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ രാജ്യസഭ എം.പി ആക്കിയതില്‍ സിപിഎം അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുത്തതില്‍ തന്നെ അണികള്‍ക്കിടയില്‍ വലിയ വിയോജിപ്പുണ്ടായിരുന്നു.
എന്നാല്‍ കോട്ടയം ജില്ലാ നേതൃത്വത്തിന് പോലും താല്‍പര്യമില്ലാത്ത വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് ആയിരുന്നു അന്ന് കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സാധ്യമാക്കിയത്. ജില്ലയിലെ പലഭാഗങ്ങളിലും ഒട്ടേറെ സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ജോസ് കെ മാണിക്കും അദ്ദേഹത്തിന്റെ പിതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ഒട്ടേറെ സമരങ്ങളാണ് കേരളത്തില്‍ സി.പി.എം നടത്തിയത്. കോട്ടയം ജില്ലയിലെ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ഒട്ടേറെ കേസുകളും അന്നത്തെ സമരങ്ങളുടെ ഭാഗമായുണ്ട്.
അതുകൊണ്ടുതന്നെ ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വോട്ട് നല്‍കി രാജ്യസഭാ എം.പി ആക്കിയതില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പ് നേതൃത്വത്തിനോടുണ്ട്.