കണ്ണൂര്‍: കാറില്‍ ചാരി നിന്നതിനെ ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ തലശ്ശേരി പോലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചത് വലിയ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാര്‍ക്കും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് വിമര്‍ശമുയര്‍ന്നതിന് പിറകെ ഡിജിപി തന്നെ ഇതില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് റൂറല്‍ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ജാഗ്രതയോടെ കാര്യഗൗരവമായി വിഷയത്തെ സമീപിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. രാത്രിയില്‍ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി സ്റ്റേഷനില്‍ എത്തിക്കുന്നു. പക്ഷേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന് മാത്രമല്ല പിന്നീട് അയാളെ വിട്ടയക്കുകയും ചെയ്തു. പിറ്റേന്ന് ഹാജരാവുക എന്ന നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്.
ഈ വിഷയത്തില്‍ രണ്ട് എഎസ്‌ഐമാര്‍ക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോര്‍ട്ടിലുള്ളത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വാഹനത്തില്‍ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നല്‍കിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്. സംഭവസ്ഥലത്ത് പോയിട്ടും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായും പ്രവര്‍ത്തിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.