ഡാളസ്:ഓയൂരിൽ ആറ് വയസുകാരിയെ ഒരു അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി.ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടു പോയത്.വെളുത്ത ഹോണ്ട കാറിലെത്തിയ അജ്ഞാത സംഘമാണ് കുട്ടിയെ കൊണ്ടു പോയതെന്നാണ് വിവരം.
തട്ടിക്കൊണ്ടു പോയ ശേഷം കുട്ടിയെ വിട്ടു കിട്ടാൻ 10 ലക്ഷം രൂപ അജ്ഞാത സംഘം ആവശ്യപ്പെട്ടതായി കുട്ടിയുടെ മാതാവ് പോലീസിനെ അറിയിച്ചു.
ഞയറാഴ്ച വൈകിട്ട് നാല് മണിയോടെ പൂയപ്പള്ളി കാറ്റാടിമുക്കിൽ വച്ചാണ് സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷനു പോയ സമയത്താണ് വഴി മദ്ധ്യേ ഇരുവരെയും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്. സഹോദരനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിവലിക്കിടയിൽ ആൺ കുട്ടിക്ക് സാരമായ പരിക്കേറ്റു.ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കുട്ടിയുമായി സംഘം കടന്നു കളഞ്ഞു.
വെളുത്ത ഹോണ്ട കാറിലായിരുന്ന് തട്ടിപ്പു സംഘം എത്തിയതെന്നും,കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്നും രക്ഷപെട്ട കുട്ടിയുടെ സഹോദരൻ ജോനാഥൻ പോലീസിനോട് പറഞ്ഞു.
കുട്ടികളെ തട്ടിയെടുത്തു കൊണ്ട് പോകുന്ന ഈ സംഘം വിട്ടുകിട്ടാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടതിലുള്ള ദുരൂഹത എന്താണെന്നു കേസെടുത്ത പൂയപ്പള്ളി പോലീസ് അന്വേഷിച്ചു വരുന്നു. ഈ അജ്ഞാത സംഘത്തെ ഉടനെ പിടികൂടുമെന്നാണ് അറിവ്.