കൊച്ചി: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ യുവതി കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായി.
അസോ (ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ) എന്ന ഓൺലൈൻ ബിസിനസ് ആപ്പിൽ ആളുകളെ ചേർത്ത് ദിവസവരുമാനമായി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് 1500ഓളം ആളുകളിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊല്ലം പള്ളിത്തോട് സ്വദേശിനി ഡോൺബോസ്കോ നഗർ 152ൽ താമസിക്കുന്ന ജെൻസി മോളാണ് (24) പിടിയിലായത്.
അസോ ആപ്പിലൂടെ നിശ്ചിത വരുമാനം ഉണ്ടാക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. 20,000 രൂപ ആപ് വഴി നിക്ഷേപിച്ചാൽ ദിവസം നിശ്ചിത തുക ലാഭം വാഗ്ദാനം ചെയ്തിരുന്നു. ഇത് വിശ്വസിച്ച് നിരവധിപേർ പ്രതിയുടെ അക്കൗണ്ടിലേക്കും ഇവർ നൽകിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും ലാഭവും ആപ്പിൽ കാണിച്ചിരുന്നതിനാൽ പലരും തട്ടിപ്പിൽ കുടുങ്ങി.
കൂടാതെ, ആദ്യം പണം നിക്ഷേപിച്ച ആളുകൾക്ക് നിേക്ഷപിച്ച തുകയും വൻലാഭവും തിരികെ കിട്ടിയതും കൂടുതൽപേരെ ആകർഷിച്ചു. എന്നാൽ, പിന്നീട് നിക്ഷേപിച്ച തുകയും ലാഭവും പിൻവലിക്കാനാവാതെ വന്നപ്പോഴാണ് ചിലർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്കൊച്ചി സ്വദേശിയും മറ്റ് 52 പേരും ചേർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് പരാതി നൽകുകയായിരുന്നു.