തിരുവനന്തപുരം: സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് തത്ക്കാലം കേന്ദ്രാനുമതിയില്ല. സിനിമാഭിനയത്തിന് കേന്ദ്രം കട്ട് പറഞ്ഞതോടെ ‘ഒറ്റക്കൊമ്പന്’ സിനിമയുടെ നായക കഥാപാത്രത്തിനായി ആശിച്ചു വളര്‍ത്തിയ താടി എടുത്തിരിക്കുകയാണ് താരം. ഈ ഡിസംബറില്‍ തുടങ്ങാനിരുന്ന സിനിമയുടെ ഷൂട്ടിംഗ് നീളുമെന്നും ഉറപ്പായി. ഒരു വര്‍ഷം ഒരു സിനിമാഭിനയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുമതി നല്‍കിയിരുന്നുവെങ്കിലും ഔദ്യോഗികത്തിരക്കുകളാണ് ഷൂട്ടിംഗ് നീട്ടി വയ്ക്കാന്‍ കാരണം. ‘ഒറ്റക്കൊമ്പന്’ സിനിമയുടെ ചില പ്രധാന രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിനാണ് ചിത്രീകരിക്കാനിരുന്നത്.
ചില പ്രാരംഭ രംഗങ്ങള്‍ മുന്‍ പെരുന്നാള്‍ ദിനത്തില്‍ ഷൂട്ട് ചെയ്തിരുന്നു. ചിത്രീകരണം വീണ്ടും നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നു. അനുമതി കിട്ടാത്തിനെ തുടര്‍ന്ന് തിരഞ്ഞടുപ്പു കാലത്തു പോലും കൊണ്ടു നടന്ന താടിയോട് സുരേഷ് ഗോപിക്ക് ഗുഡ് ബൈ പറയേണ്ടി വന്നു. അതേ സമയം, അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല, എസ്.ജി 250 (‘ഒറ്റക്കൊമ്പന്’ ) 2025 ല്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താടിയെടുത്ത തന്റെ പുതിയ ചിത്രവും ‘മാറ്റത്തിനാണ് മാറ്റമില്ലാത്തത്’ എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വയ്ക്കുകയായിരുന്നു.
മൂന്ന് ദിവസം തലസ്ഥാനത്തുണ്ടാകണമെന്നും മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും പാര്‍ട്ടി നേതൃത്വം സുരേഷ് ഗോപിയോട് നിര്‍ദേശിച്ചതായാണ് അറിവ്. ചലച്ചത്രാഭിനയവുമായി മുന്നോട്ട് പോകുമെന്നും അതിന് കേന്ദ്ര മന്ത്രി പദം തടസ്സമെങ്കില്‍ അതുപേക്ഷിക്കാനാണ് തനിക്ക് താതപര്യമെന്ന തരത്തില്‍ സുരേഷ് ഗോപി മുമ്പ് പ്രതികരണം നടത്തിയിരുന്നു.
22 സിനിമകളില്‍ അഭിനയിക്കാമെന്ന് എറ്റിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി നല്കിയ അപേക്ഷ അമിത് കീറിക്കളഞ്ഞതായി സിനമാ സഹപ്രവര്‍ത്തകരോടെ സുരേഷ് ഗോപി അറിയിച്ചിരുന്നു. കേരളത്തിലെ ബി.ജെ.പി വിജയത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക എന്ന രാഷ്ട്രീയ ബാധ്യത നിറവേറ്റുന്നുവെങ്കിലും കേന്ദ്ര മന്ത്രിയ്ക്ക് സിനിമാഭിനയത്തിലേക്ക് മടങ്ങാനാണ് ആഗ്രഹം.
വര്‍ഷത്തിലൊരു സിനിമയില്‍ അഭിനയിക്കാന്‍ അനുമതി കിട്ടിയേക്കുമെങ്കിലും കേന്ദ്രമന്ത്രിയ്ക്ക് പ്രതിഫലം വാങ്ങി അഭിനയിക്കാന്‍ കഴിയുമോ എന്നതിലും സംശയമുണ്ടി. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ക്ക് നിയമപ്രകാരമുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് പ്രതിഫലം പറ്റുന്ന മറ്റു ജോലികള്‍ ചെയ്യാനാകില്ലെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി ഉള്‍പ്പെടെയുള്ള നിയമവിദ്ഗ്ദ്ധര് വ്യക്തമാക്കിയിട്ടുണ്ട്. മലയാളമനോരമയോടാണ് പി.ഡി.ടി ആചാരി ഈ അഭിപ്രായം പങ്കു വെച്ചിട്ടുള്ളത്.