കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവർ നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.
അതേസമയം, വെടിക്കെട്ട് അപകട കേസിൽ നീലേശ്വരം പൊലീസ് എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രഥമവിവര റിപ്പോർട്ട് അന്വേഷണസംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്. ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.