തിരുവനന്തപുരം: ജനുവരി നാലു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത് 15000 ത്തോളം വിദ്യാര്‍ഥികള്‍. തിരുവനന്തപുരത്ത് 15 വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്.. ഈ വര്‍ഷത്തെ കലോത്സവത്തില്‍ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.
ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. സ്‌കൂള്‍ തലങ്ങളില്‍ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്ത വിദ്യാര്‍ഥികളാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101 ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍110 ഉം , അറബിക്, സംസ്‌കൃതോത്സവങ്ങളില്‍ 19 വീതവും ആകെ 249 മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം, അയ്യങ്കാളി ഹാള്‍, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോര്‍ തിയേറ്റര്‍, എസ്.എം.വി സ്‌കൂള്‍, മോഡല്‍ സ്‌കുള്‍ ഉള്‍പ്പെടെ നഗരത്തില്‍ 25 ലധികം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികള്‍. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു കെ. ജനറല്‍ കോര്‍ഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു.