ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. ഈ മൂന്നിടങ്ങളിലും ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. മൂന്ന് മണിക്കൂർ ഇടവേളയിൽ ശബരിമലയിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യും.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയുടെ അളവറിയാനും താപനിലയും അന്തരീക്ഷ ആർദ്രതയും രേഖപ്പെടുത്താനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് താൽക്കാലിക സംവിധാനങ്ങളൊരുക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞനും മറ്റൊരു ഉദ്യോഗസ്ഥനും ശബരിമലയിൽ ക്യാംപ് ചെയ്ത് ജോലികൾ പൂർത്തീകരിക്കാനാണു ശ്രമം. ഇതിന്റെ നിരീക്ഷണത്തിനായി പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തുമെന്ന് ശബരിമല സ്പെഷൽ എഡിഎം അരുൺ എസ് നായർ പറഞ്ഞു
ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകരുടെ സുരക്ഷയും തയ്യാറെടുപ്പും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കാലാവസ്ഥാ മുന്നറിയിപ്പ്. തീർഥാടകരുടെ പ്രയോജനത്തിനായി പ്രത്യേക കാലാവസ്ഥാ പ്രവചനങ്ങൾ നൽകാൻ ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയും (കെഎസ്ഡിഎംഎ) ആഭ്യന്തര വകുപ്പും ഐഎംഡിയോട് അഭ്യർത്ഥിച്ചിരുന്നു.