കണ്ണീര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയുടെ ഭരണ കാലത്ത് സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് തുടര്‍ച്ചായി ബിനാമി കരാറുകള്‍ നല്‍കിയത് സംബന്ധിച്ച പരാതിയില്‍ ധൃതി പിടിച്ച് വിജിലന്‍സ് അന്വേഷണം. എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് വന്നിരിക്കെയാണ് പരാതിയില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് നടപടികള്‍ നടത്തി വരുന്നത്.
ദിവ്യയുടെ ഭരണകാലത്ത് നല്‍കിയ കരാറുകളില്‍ ബിനാമി ഇടപാട് നടന്നു എന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് തന്നെ തുടര്‍ച്ചായി കരാര്‍ നല്‍കിയത് അഴിമതിയാണെന്ന് ചൂണ്ടികാട്ടി ആം ആദ്മി പാര്‍ട്ടിയാണ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.
12 കോടിയുടെ അഴിമതി നടന്നു എന്നാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. 2021 മുതല്‍ പ്രീഫാബ്രിക്കേറ്റഡ് നിര്‍മ്മാണ കരാറുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാത്രമായി നല്‍കിയെ ന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ദിവ്യ കരാറുകള്‍ നല്‍കിയിരിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം മാനേജിംഗ് ഡയറക്ടറായിട്ടുള്ളതാണ്.
2023-24 വര്‍ഷത്തില്‍ മാത്രം 30 സ്‌കൂളുകളുടെ നിര്‍മ്മാണ കരാറുകള്‍ ആണ് ഈ കമ്പനിക്ക് ലഭിക്കുന്നത്. 2022-23 വര്‍ഷത്തില്‍ ആവട്ടെ 46 സ്‌കൂളുകളുടെ നിര്‍മ്മാണവും ഇതേ കമ്പനി തന്നെയാണ് നടത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ സില്‍ക്കിന് നേരത്തെ നല്‍കിയുരുന്ന കരാറുകളാണ് ദിവ്യ ഇടപെട്ട് മൂന്നു വര്‍ഷമായി കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നല്‍കി വന്നതെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നത്. സംഭവത്തില്‍ പരാതിക്കാരില്‍ നിന്ന് വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ചിരുന്നു.