Tuesday, December 24, 2024

HomeNewsKeralaഅഞ്ച് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് വനജ യാത്രയായി

അഞ്ച് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് വനജ യാത്രയായി

spot_img
spot_img

തിരുവനന്തപുരം: കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി വനജ (53) ഇനി അഞ്ചുപേരിലൂടെ ജീവിക്കും. കരള്‍, രണ്ടു വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

കേരളത്തില്‍ മെഡികല്‍ കോളജുകള്‍ക്ക് പുറമെ ഒരു സര്‍കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്. വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭര്‍ത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. അവയവദാന പ്രക്രിയയ്ക്ക് മുന്‍കൈ എടുത്ത ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയെ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഉറങ്ങാന്‍ കിടന്ന സമയത്ത് ചില അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വനജയെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലെത്തിച്ചത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായി. തുടര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വച്ച് മസ്തിഷ്‌ക മരണമടഞ്ഞ വനജയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയാറാവുകയായിരുന്നു. രഹില്‍ (26), ജിതിന്‍ (24) എന്നിവര്‍ മക്കളാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം കെ എന്‍ ഒ എസ് നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്. ഡി എം ഒ ഡോ. നാരായണ്‍ നായിക്, കെ എന്‍ ഒ എസ് നോര്‍ത് സോണ്‍ റീജിയനല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീലത എന്നിവരും അവയവദാന പ്രകൃയയ്ക്ക് നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments