അവസരങ്ങളോട് അലംഭാവം കാട്ടുന്നത് കഷ്ടനഷ്ടങ്ങളില്‍ കലാശിക്കാന്‍ ഇടയാക്കിയേക്കാം. ആത്മകഥ എഴുതാന്‍ എന്നെ ഏല്പിച്ച ജി.കെ.ജിയിലൂടെ ഞാന്‍ ഗ്രഹിച്ച അനുഭവപാഠം അതാണ്.
പറഞ്ഞിട്ടുള്ളതാണ്, ഈയുള്ളവന്‍ പണിയെടുത്ത ‘ന്യൂഡല്‍ഹി ഇന്നി’ന്റെ നീണ്ടനിര ഡയറക്ടര്‍മാരില്‍ മുക്കാല്‍ഭാഗം പേരും മുന്തിയ വ്യവസായികളായ ഡല്‍ഹി മലയാളികള്‍ ആയിരുന്നു. മറിച്ചുണ്ടായവരില്‍ മതിപ്പുകല്പിക്കപ്പെട്ട മാന്യവ്യക്തി മദ്യനിര്‍മാണക്കമ്പനിയായ ‘ജഗജിത് ഇന്‍ഡസ്ട്രീസി’ന്റെ ചീഫ് അക്കൗണ്ടന്റ് ജി കൃഷ്ണന്‍ നായരാണ്.
മൂക്കത്ത് വിരല്‍ വയ്‌ക്കേണ്ട, ‘ന്യൂഡല്‍ഹി ഇന്നി’നു മുതല്‍ മുടക്കിയവരുടെ കൂട്ടത്തില്‍ തെല്ലും പിറകിലായിരുന്നില്ല ജി.കെ.ജിയും. മറ്റൊരു മാറ്റുള്ള ഡയറക്ടര്‍ എം.ജി ജോര്‍ജ്ജ് മുത്തൂറ്റ് കേമപ്പെട്ടൊരു ഫോറിന്‍ കമ്പനിയുടെ ന്യൂനതയില്ലാത്ത ന്യൂ മോഡല്‍ കാര്‍ വാങ്ങിയതുകണ്ട് അതേലൊന്ന് തനിക്കും സ്വന്തമാക്കാന്‍ നായര്‍ജി ഉടന്‍ ഓടിപ്പുറപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു.
അതേ, വെറും അലവലാതി അക്കൗണ്ടന്റ് ആയിരുന്നില്ല ജഗജിത് ഇന്‍ഡസ്ട്രീസിന്റെ കണക്കിലെ കളി മൊത്തം കണ്ട, കണക്കുള്ളതും ഇല്ലാത്തതുമായതെല്ലാം നയത്തില്‍ കൈകാര്യം ചെയ്തിരുന്ന, അകത്തെ ആളായിരുന്ന നായര്‍ജി.
സമൂഹത്തില്‍ സങ്കടമുള്ളവര്‍ക്കും സംഘടനകള്‍ക്കും സഹായങ്ങള്‍ വാരിക്കോരി കൊടുക്കുന്ന ഉദാരമതിയും ഉപരി, കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബാംഗവും കേരള മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ സ്വന്തം അനന്തരവള്‍ ശാരദ ടീച്ചറുടെ ഭര്‍ത്താവും ഒക്കെയായിരുന്നു അദ്ദേഹം.
അങ്ങനെയുള്ളതായ ജി കൃഷ്ണന്‍ നായരാണ് രൊക്കം ഒരുലക്ഷം രൂപ അച്ചാരമായിത്തന്ന് തന്റെ ‘ആത്മകഥ’ ചമയ്ക്കാന്‍ എന്നെ സമീപിച്ചത്. ആദ്യ നൂറുപുറം പൂര്‍ത്തിയായാല്‍ പിന്നെയും പണം തരുമെന്നും ഉറപ്പു പറഞ്ഞിരുന്നു.
കൊല്ലം രണ്ടായിരത്തിനും രണ്ടുമൂന്നാണ്ടു മുമ്പാണ്. കഷ്ടിച്ചരിഷ്ടിച്ചു റൊട്ടിക്കു കശൊപ്പിച്ചിരുന്ന അക്കാലത്ത് വേണുവിനെ സംബന്ധിച്ചിടത്തോളം അതത്ര മോശപ്പെട്ട നിരക്കായിരുന്നില്ല. അതുകൊണ്ടാവാം, ”കയ്യോടെ ഒരുലക്ഷം അഡ്വാന്‍സ് വാങ്ങിച്ചിട്ട് കഴിവതും വേഗം എഴുതൂ…” എന്ന്, കേട്ട് ഇരുന്ന കെ മാധവന്‍ നായര്‍ ഉപദേശിച്ചതും.
എന്നാല്‍ ജി.കെയുടെ മഹാമനസ്‌കതയ്ക്കും മാധവന്‍നായരുടെ ഉപദേശത്തിനും മരമണ്ടന്‍ വേണു ഉറപ്പിച്ചു മറുപടി പറഞ്ഞത് ഇങ്ങിനെയാണ്:
”എഴുതാന്‍ പറ്റിയിട്ടു മതി പ്രതിഫലം…”
അതു കഴിഞ്ഞും, ”എന്തായി…?” എന്ന് എന്നും ജി.കെ തിരക്കു കൂട്ടുകയും, കൂടെക്കൂടെ കാറില്‍ കയറ്റി കൊണാട് പ്‌ളേസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊണ്ടുപോയി സല്‍ക്കരിക്കുകയും ചെയ്യുമായിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ ആത്മകഥയ്ക്കായി ഞാന്‍ തൂലിക തൊടാതെ താളം തുള്ളി ഒന്‍പതു മാസം തള്ളി നീക്കിയതേയുള്ളു.
പിന്നെപ്പൊഴോ ഒറ്റ ഇരുപ്പില്‍ മുപ്പത്തഞ്ച് പേജ് എഴുതിയൊപ്പിച്ച് സാമ്പിള്‍ കാണിച്ചു. അതു വായിച്ച ജി.കെയുടെ മുഖം ഏഴുതിരിയിട്ടു കൊളുത്തിയ വിളക്കുപോലെ തെളിഞ്ഞു. അതോടെ എനിക്ക് മൂഡായി. തുടര്‍ന്ന് ചറപറ എഴുത്തായി. നൂറാകാന്‍ ഏഴുപുറം മാത്രം ബാക്കിനില്‍ക്കെ ഒരുനാള്‍ മാധവന്‍ നായരോടൊപ്പം ജി.കെ ആപ്പീസില്‍ വന്നു.
പക്ഷേ, അന്ന് അദ്ദേഹം മൗനിയായും, മുഖം മൂടിക്കെട്ടിയ മാനം മാതിരി ഇരുണ്ടും കണ്ടു.
ജഗജിത് ഇന്‍ഡസ്ട്രിയുമായി ജി.കെ തെറ്റിപ്പിരിഞ്ഞെന്നു പിന്നീടറിഞ്ഞു. അതിഭയങ്കര ഭീഷണിയെ അദ്ദേഹം അഭിമുഖീകരിക്കുകയാണെന്നും. പിറ്റേ പ്രഭാതത്തില്‍ പത്രവാര്‍ത്തയും കണ്ടു…
‘ജി കൃഷ്ണന്‍ നായര്‍ (47) അന്തരിച്ചു.’