തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്.
നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. 20 ലോഡ് നിർമാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചത്.
പുലിമുട്ട് നിർമാണം പൂർത്തിയാക്കാനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്താനാണ് ശ്രമം.സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.