തിരുവനന്തപുരം :എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി പരാതി എഴുതി നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പി ജയരാജന്‍ ആരോപിച്ചു. കണ്ണൂരില്‍ ജയരാജന്റെ വീടിന് സമീപത്തുള്ള വിലാസത്തിലാണ് കണ്ണൂര്‍ ആയുര്‍വേദ ലിമിറ്റഡ് എന്ന കമ്പനി 2014ല്‍ സ്ഥാപിതമായത്.
ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നാണ് ആരോപണം. രേഖകളെ അടിസ്ഥാനമാക്കിയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു.