കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയായിരുന്നെന്ന് എഡിജിപി എംആർ അജിത് കുമാർ. അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സാണ്‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിനു ഉണ്ടായിരുന്നത്. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.
സ്പുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയ്ക്ക് യുട്യൂബില്‍ അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നെന്നും അനുപമയടെ ഓരോ വീഡിയോയ്ക്കും ലക്ഷകണക്കിന് വ്യൂവ്‌സും ലഭിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ ഡിമോണിറ്റൈസ് ചെയ്തു. ഇതോടെ പണം കിട്ടാതെ വന്നു. ഇതോടെയാണ് ഇത്തരത്തിലേക്കുള്ള കാര്യങ്ങളിലേക്ക് കടന്നതെന്ന് എഡിജിപി വ്യക്തമാക്കി.
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.
വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ.പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരാൾ കേസിൽ അറസ്റ്റിലായത്. സാമ്പത്തിക ബാധ്യതയാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മൂന്ന് പേരെയും അടൂർ കെഎപി ക്യാമ്പിൽ പത്ത് മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.