കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പത്മകുമാർ പിടിയിലായതിൽ സ്മിത എം ബാബുവും ഭർത്താവ് ആർ ബി ഷജിത്തും വരച്ച രേഖാചിത്രം നിർണായകമായി. ഇവർ വരച്ച രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇരുവരും. എന്നാൽ വിഷയത്തിൽ കുട്ടിയുടെ ഓർമശക്തിയെ അഭിനന്ദിക്കുകയാണ് ഇരുവരും.
വളരെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും പ്രതിയുടെ മുഖം ഓർമയിൽനിന്ന് വിശദാംശങ്ങളോടെ വ്യക്തമാക്കിത്തന്ന ഒന്നാംക്ലാസുകാരി ഏറെ അഭിനന്ദനങ്ങളർഹിക്കുന്നെന്ന് ചിത്രകാരി സ്മിത പറഞ്ഞു. കുരുന്നിനെ അഭിനന്ദിച്ച് ഇവർ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ പ്രതികരണങ്ങൾ നേടി.

കുറിപ്പിന്‌റെ പൂർണരൂപം
കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ എസിപി പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി.
പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്പോൺസ് ,യു.എം ബിന്നി മറ്റ് സുഹൃത്തുക്കൾ ….. എല്ലാവർക്കും നന്ദി സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി) നിർണായക അടയാളങ്ങൾ തന്നതിന്
ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ കെ ആർ പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ല. എന്നാൽ, പത്മകുമാറിന്റെ കളർ ചിത്രങ്ങള്‍ കാണിച്ചയുടന്‍ തന്നെ ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരോട് പറയുകയായിരുന്നു. ഇയാളെക്കുറിച്ച് നേരത്തെ കുട്ടി വീട്ടുകാരോടും പൊലീസിനോടും സംസാരിച്ചിരുന്നു. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം പുതിയ രേഖാചിത്രങ്ങൾ വരച്ചത്.