കോട്ടയം: അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ ബൈബിൾ കൺവെൻഷന് തുടക്കമായി. ഈ മാസം 14 വരെയാണ് കൺവെൻഷൻ . ഇന്നലെ രാവിലെ 9.30 ന് ജപമാലയോടെ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ ആരംഭിച്ചു.. കടുത്തുരുത്തി ഫൊറോന വികാരി ഫാ. തോമസ് ആനിമ്മൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. ജിസണ്‍പോള്‍ വേങ്ങാശ്ശേരി വചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി.. തുടര്‍ന്ന് 11.45 ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനവും നടത്തപ്പെട്ടു. കടുത്തുരുത്തി ഫൊറോനയിലെ വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. മാര്‍ മാത്യു മൂലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കും. 2025 മഹാജൂബിലിയോടനുബന്ധിച്ച് ‘പ്രത്യാശയുടെ തീര്‍ത്ഥാടകരാകുക’ എന്നതാണ് ബൈബിള്‍ കണ്‍വന്‍ഷന്റെ പ്രമേയം. വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ കണ്‍വന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ ദിനങ്ങള്‍ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിച്ച് വൈകിട്ട് 3.30 ന് സമാപിക്കും.