കൊല്ലം: യുവാക്കൾക്ക് അവസരം നൽകുന്നതിനായി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരത്ത് മേയറാക്കിയത് പാർട്ടിക്ക് തിരിച്ചടിയായെന്ന് സി.പി.എം. ജില്ലാസമ്മേളനത്തിൽ വിമർശനം. അവരുടെ പ്രവർത്തനങ്ങൾ പക്വതയില്ലാത്തതായി. അത് പൊതുസമൂഹത്തിൽ പാർട്ടിക്ക് ദോഷമായി. ഡി.വൈ.എഫ്.ഐ.നേതാവ് എ.എ.റഹീമിനെ എം.പി.യാക്കിയതുകൊണ്ടും പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന വിമർശനമുയർന്നു. റഹീമിന്റെ രാജ്യസഭയിലെ പ്രവർത്തനം പരിതാപകരമാണെന്ന് ഒരു പ്രതിനിധി വിമർശിച്ചു. ജോൺ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയച്ചത് നേട്ടമായെന്ന് അഭിപ്രായമുയർന്നു.
ദേശീയതലത്തിൽ ‘ഇന്ത്യാ’മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടും പാർട്ടിക്ക് വോട്ടും സീറ്റും കുറഞ്ഞെന്ന് വിമർശനമുണ്ടായി. മുന്നണിയിലെ ഘടകകക്ഷികളുടെ ബാലിശമായ നിലപാടുകളാണ് ദേശീയതലത്തിലെ തിരിച്ചടിക്കു കാരണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി നൽകി.
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളിയിൽ പാർട്ടി ജില്ലാ സെന്റർ ശക്തമായി ഇടപെട്ടെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ പറഞ്ഞു. ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച സംഘടനാപ്രശ്നങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയും.
അൻവർ ഉയർത്തിയ ആരോപണം അന്തരീക്ഷത്തിലുണ്ടെന്ന് വിമർശനം