പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.
മല്ലശ്ശേരി പുത്തേത്തുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ, മകൻ നിഖിൽ, പുത്തൻവിള കിഴക്കേതിൽവീട്ടിൽ ബിജു പി.ജോർജ്, മകൾ അനു ബിജു, എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. ഇവർ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടം.
ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.