കൊച്ചി: സത്യമെഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഭയപ്പെടേണ്ട കാലഘട്ടമാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എറണാകുളം പ്രസ് ക്ലബ്ബിന്റെ 56ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയാണ് ഏറ്റവും വലിയ പത്രമാരണം എന്നാണ് എല്ലാവരും പറയുന്നത്. ഞാന്‍ അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്നില്ല. പക്ഷേ അതിനേക്കാള്‍ എത്രയോ വലിയ അപ്രഖ്യാപിത പത്രമാരണ നിലപാട് ഇന്ന് നടക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. അത് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണം. കേന്ദ്രത്തിലും കേരളത്തിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സമീപനമാണുള്ളത്. ഇവിടെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല, കേന്ദ്രത്തില്‍ പത്തുവര്‍ഷമായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല. ഒരക്ഷരം എഴുതിയാല്‍ പിറ്റേന്ന് ഇ.ഡി എത്തുന്നു. ഭീഷണികള്‍ക്കിടയിലും സത്യാന്വേഷകരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നുവെന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇതിന് വിഘാതമായി മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നവരുമുണ്ട്.
വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് സ്ഥിരീകരിക്കാന്‍ പോലും ശ്രമിക്കുന്നില്ല. ഞാനൊരു രാഷ്ട്രീയനേതാവിനെ കണ്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇത്തരത്തില്‍ സ്വന്തം വിശ്വാസ്യത തകര്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം.ഷജില്‍ കുമാര്‍ സ്വാഗതവും, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, സി.ഐ.സി.സി ജയചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സജീവ്കുമാര്‍ തുടങ്ങിയവർ.പങ്കെടുത്തു.