തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ വിവാദ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി എന്നിവരും രം?ഗത്തെത്തി. യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നായിരുന്നു സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എ വിജയരാഘവന്‍ പറഞ്ഞത്. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
കെ.സി വേണുഗോപാല്‍ വിജയരാഘവനെ ‘വര്‍ഗീയ രാഘവന്‍’ എന്ന് വിശേഷിപ്പിച്ചു. രാഹുലിനെതിരെ സംഘപരിവാര്‍ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്‍ ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഈ നിലപാട് സി.പി.എം സര്‍ക്കാരിനും ഉള്ളതാണോ എന്ന ചോദ്യവും വേണുഗോപാല്‍ ഉന്നയിച്ചു. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ നിലപാടാണോ അതോ ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ള വ്യക്തിപരമായ ആക്രമണത്തിന്റേതാണോ എന്ന് സി.പി.എം വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാന്‍ വിജയരാഘവനേ കഴിയൂ എന്നും സംഘപരിവാര്‍ അജണ്ട സി.പി.എം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും ആരോപിച്ചു. അമിത് ഷായുടെയും വിജയരാഘവന്റെ പ്രസംഗവും ഒരുപോലെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ലെന്നും എന്ത് രാഷ്ട്രീയത്തിന്റെ പേരിലാണ് വിജയരാഘവന്റെ പ്രസംഗമെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം ലീഗ് നേതാവ് പി.െക കുഞ്ഞാലിക്കുട്ടി വിജയരാഘവന്റെ പരാമര്‍ശത്തെ ‘പച്ചയ്ക്ക് വര്‍ഗീയത’ എന്ന് വിമര്‍ശിച്ചു. ബി.ജെ.പി ഉത്തരേന്ത്യയില്‍ ചെയ്യുന്നത് സി.പി.എം കേരളത്തില്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ.എം ഷാജി ആരോപിച്ചു.
ഇതിനിടെയാണ് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു അബ്ദുല്‍ റസാഖ് വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് വിജയരാഘവന്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. വിജയരാഘവനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. വിജയരാഘവന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായിരിക്കുകയാണ്. വിമര്‍ശനങ്ങളോടൊപ്പം വിജയരാഘവനെ പിന്തുണച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.