Monday, December 23, 2024

HomeNewsKeralaവിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ: സതീശന്‍

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ: സതീശന്‍

spot_img
spot_img

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സി.പി.എം കൂടി അതിനെ പിന്തുണച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിന്റെ അജണ്ട മാറിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനവുമായി സി.പി.എം ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്ന രീതിയിലേക്കാണ് സി.പി.എം പോകുന്നത്.

വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വേട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത്. ആ വിജയത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മും സംഘ്പരിവാറും തമ്മിലുള്ള ദൂരം വളരെ അകലെയല്ലെന്നു കാണിക്കുന്നതാണ്.സി.പി.എമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് സി.പി.എമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍ സംസാരിച്ചതും വിജയരാഘവനെ പിന്തുണച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതും. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്.

സംഘ്പരിവാറിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ജീവിക്കുന്നതാണ് ഇതിനെല്ലാം കാരണം.കാലങ്ങളായി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയില്‍ സംഘ്പരിവാര്‍ ചെയ്യുന്ന അതേ രീതിയിലാണ് പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രസ്മസ് ആഘോഷം തടസപ്പെടുത്തിയത്. സി.പി.എമ്മിന്റെ വര്‍ഗീയ പ്രീണനമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം നടത്താന്‍ ബി.ജെ.പിക്ക് പ്രേരണയായി മാറിയത്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കെളെ പോലെ ക്രിസ്മസ് കാലത്ത് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്ന സംഘ്പരിവാറിന്റെ യഥാര്‍ത്ഥ മുഖമാണ് പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ കണ്ടത്. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്ടിലാണ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തിയത്. ഇതൊന്നും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.

സി.പി.എം ബി.ജെ.പി ഗൂഡാലോചനയുടെ ഭാഗമായി പൂരം കലക്കലിന് നേതൃത്വം നല്‍കിയ അജിത് കുമാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ല. പൂരം കലക്കിയ ആളെ തന്നെയാണ് അതേക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. അങ്ങനെയുള്ള റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ല. എല്ലാ കേസുകളില്‍ നിന്നും അജിത്കുമാര്‍ രക്ഷപ്പെടും. മുഖ്യമന്ത്രിക്ക് അയാളെ കൈവിടാനാകില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതും അതിന്റെ ഭാഗമായി പൂരം കലക്കിയതും. അതുകൊണ്ടാണ് അജിത്കുമാറിന് പ്രമോഷന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ ഭരിക്കുന്നത്.തന്നെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ സതീശന്‍ . വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ലെന്നു കൂട്ടിച്ചേര്‍ത്തു. ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തിക്കോട്ടെ. പാലക്കാടും വയനാടും യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടായി. നാല്‍പ്പതിനായിരമായിരുന്ന ചേലക്കരയിലെ ഭൂരിപക്ഷം പന്തീരായിരമായി കുറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഉജ്ജ്വല വിജയമാണ് നേടിയത്. യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ യു.ഡി.എഫിനെ ആക്രമിക്കുന്നതിന് പകരം എന്നെ വ്യക്തിപരമായാകും ആക്രമിക്കുന്നത്. പക്ഷെ അതിനൊക്കെ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമെ മറുപടി നല്‍കാനാകൂ. അല്ലാതെ വ്യക്തിപരമായി മറുപടി പറയാനാകില്ല.

ഒരു മതസംഘടനകളുമായും യു.ഡി.എഫിന് പ്രശ്നമില്ല. അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. അല്ലാതെ രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നതാണ് നിലപാട്. ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരെ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ ജീവനുള്ളിടത്തോളം വെള്ളം ചേര്‍ക്കില്ല. പ്രതിപക്ഷ നേതാവായതിനു ശേഷം ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലാത്ത ആള്‍ എനിക്കെതിരെ പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഇതൊക്കെ പൊതുസമൂഹം വിലയിരുത്തും. ഇതിനൊക്കെ മറ്റാരും മറുപടി പറയരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട്. അതാണോ അഹങ്കാരം? വിമര്‍ശിച്ചവരുടെ മെക്കിട്ടു കയറുന്നതല്ലേ അഹങ്കാരം. വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണോ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments