കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലെടുത്ത വ്യത്യസ്ത കേസുകളിലായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എംഎല്‍എ കൂടിയായ മുകേഷിനെതിരായ ലൈംഗിക പീഡന കേസില്‍ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2011-ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. വടക്കാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐടിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ നേരത്തെ നടന്‍ മുകേഷിന്റെയും പരാതിക്കാരിയുടെയും മൊഴികള്‍ എടുത്തിരുന്നു.
അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടവേള ബാബുവിനെതിരെയും ആലുവ സ്വദേശിനിയായ നടി തന്നെയാണ് പരാതി നല്‍കിയത്. ഈ കേസും എസ്‌ഐടി തന്നെയാണ് അന്വേഷിച്ചത്. കൂടാതെ ഇതിനോടപ്പം ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ പരാതിയില്‍ പൊന്‍കുന്നത്തും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഇതോടെ ആകെ ഏഴ് കേസുകളിലാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് പരാതികളില്‍ അന്വേഷണം തുടരുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ നടന്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നത്. അതില്‍ മലയാളത്തിലെ മുന്‍നിര നടന്‍മാരുടെ പേരും ഉള്‍പ്പെട്ടിരുന്നു. മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് പുറമേ മണിയന്‍പിള്ള രാജു, ജയസൂര്യ, ബാബുരാജ് തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു.
അമ്മയുടെ ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്ന വേളയിലാണ് സിദ്ദിഖിനെതിരെ പരാതി ഉയര്‍ന്നത്. ഇതോടെ അദ്ദേഹത്തിന് തല്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി വയ്ക്കുകയും ചെയ്തു. നടന്മാര്‍ക്ക് എതിരെ മാത്രമല്ല പ്രമുഖ സംവിധായകര്‍ക്ക് എതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.
സംവിധായകന്‍മാരായ രഞ്ജിത്ത്, വികെ പ്രകാശ്, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്ക് എതിരേയായിരുന്നു പരാതി ഉയര്‍ന്നത്. ഇതിന് പിന്നാലെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ് പല പരാതികള്‍ക്കും വഴിയൊരുക്കിയത്.