തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിനു പിന്നാലെ അതിനെ പിന്തുണച്ചും ന്യായീകരിച്ചും കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രംഗത്തെത്തിയതോടെ രൂക്ഷ വിമര്‍ശനവുമായ കോണ്‍ഗ്രസ് നേതാവി വിടി ബല്‍റാം. സിപിഎം നേതാക്കള്‍ നാട് നശിപ്പിക്കാനായി കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇത് എന്നാണ് ബല്‍റാം വിമര്‍ശിച്ചത്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാര്‍ത്ഥ പ്രശ്‌നമെന്നും ഒരു സമൂഹത്തെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ബല്‍റാം കുറിച്ചു.
വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ
വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണന്‍. തൊട്ടുമുമ്പ് മോഹനനായിരുന്നു. നേരത്തേ ജയരാജന്‍. അതിനുമുമ്പ് ബാലന്‍.സ്ഥിരമായി ഇടക്കിടെ ഗോവിന്ദന്‍.ഇതിനെല്ലാം പുറകില്‍ സാക്ഷാല്‍ വിജയന്‍.
പ്രിയ കേരളമേ, ഇനിയെങ്കിലും തിരിച്ചറിയുക. ഇവന്മാര്‍ ഇത് കരുതിക്കൂട്ടിയാണ്. അബദ്ധങ്ങളല്ല, മനപ്പൂര്‍വ്വമായ ആവര്‍ത്തനങ്ങളാണ്. പ്രൊപ്പഗണ്ടയുടെ അരക്കിട്ടുറപ്പിക്കലാണ്. നാട് നശിപ്പിച്ചേ ഇവര്‍ അടങ്ങൂ. ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം ഇതു തന്നെയാണ്. ഇരുന്നിടം മുടിക്കുക.
ഒരു വാര്‍ഡില്‍ 25 വോട്ട് തികച്ചില്ലാത്ത ജമാ അത്തെ ഇസ്ലാമിയല്ല ഇവരുടെ യഥാര്‍ത്ഥ പ്രശ്‌നം. ഇന്നലെകളില്‍ അവരെ പ്രകീര്‍ത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങള്‍ സാക്ഷി. കൈവെട്ടും മുദ്രാവാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാര്‍ത്ഥ പ്രശ്‌നം.
52 വെട്ടില്‍ പച്ചമനുഷ്യനെ കൊത്തിയരിയുന്ന, ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാക്കിയ ഇവര്‍ക്ക് അതൊക്കെ എത്ര നിസാരം! ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണ്. അവരുടെ അപരവല്‍ക്കരണമാണ്, അതില്‍ ആനന്ദിക്കുന്നവരുടെ കരുണാകടാക്ഷമാണ്, അതിന്റെ പ്രതിഫലമായി കിട്ടിയേക്കാവുന്ന നക്കാപ്പിച്ചകളാണ്.
മറ്റൊന്നും കൊണ്ടല്ല, വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പര്‍ വണ്‍ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം. അതാണ് കാരണം. അത് മാത്രമാണ് കാരണം.