നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു.കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. നേരത്തെ നവ കേരള ബസ് ഗരുഡ പ്രീമിയം ലക്ഷ്വറി ബസ് ആയി കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്നു.11 സീറ്റുകളാണ് അധികമായി ബസിൽ ഘടിപ്പിച്ചത്. ഇപ്പോൾ ആകെ 37 സീറ്റുകളായി
എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി പകരം മുൻഭാഗത്ത് മാത്രം ഡോർ നിലനിറുത്തി. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.സർവീസ് പുനരാരംഭിക്കുമ്പോൾ ബസിന്റെ നിരക്കും കുറച്ചിട്ടുണ്ട്. ഇന്നലെ ബംഗുളൂരു – കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപയായിരുന്നു. നേരത്തെ 1280 രൂപ ആയിരുന്നു നിരക്ക്. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായിരുന്നു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്ത നവ കേരള യാത്രയ്ക്കായി 1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. 26 സീറ്റുകൾ ആയിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിര്‍മാണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമാണ്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് വെള്ള നിറമേ പാടുള്ളുവെങ്കിലും ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ബ്രൗണ്‍ നിറം തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്‌സിന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുണ്ടായിരുന്നത്.
പിന്നീട് നവകേരള ബസ് കെഎസ്ആർടിസി സർവീസാക്കി മാറ്റുകയായിരുന്നു. എന്നാൽ സർവീസ് പിന്നീട് നഷ്ടത്തിൽ കലാശിച്ചു. യാത്രക്കാർ കുറഞ്ഞു സർവീസ് നഷ്ടത്തിൽ ആയതോടെ രൂപം മാറ്റാനായി ബംഗ്ലൂരിലേക്ക് ബസ് കൊണ്ടുപോവുകയായിരുന്നു.മെയ് 5 നാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് അരങ്ങേറ്റം കുറിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. എന്നാൽ ബെംഗളുരുവിലേക്കുള്ള കന്നിയാത്രയിൽ തന്നെ നവകേരള ബസിന് തകരാർ സംഭവിച്ചു. രാവിലെ നാലരയ്ക്ക് ആരംഭിച്ച യാത്രയിൽ ബസിന്റെ വാതിൽ കേടാവുകയും, യാത്രക്കാരിൽ ഒരാളുടെ ബാഗ് കെട്ടിവച്ച് യാത്ര പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഡോർ താനേ തുറന്നു പോകുന്നതായിരുന്നു പ്രശ്നം.തുടർന്ന് ബത്തേരി ഡിപ്പോയിൽ തകരാർ പരിഹരിക്കുകയായിരുന്നു. എർമെർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയതായിരുന്നു പ്രശ്നം.