കൊച്ചി: സീരിയല്‍ നടിയുടെ പരാതിയില്‍ സിനിമ സീരിയല്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഇവർക്കെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടുണ്ട്.
സീരിയൽ ഷൂട്ടിംഗിനിടെ നടന്മാര്‍ മോശമായി പെരുമാറി. ഒരു നടന്‍ ലൈംഗികാതിക്രമത്തിന് തന്നെ ഇരയാക്കിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് നടി സീരിയലില്‍ നിന്നും പിന്മാറിയതായും വിവരമുണ്ട്.