2004 ഡിസംബര്‍ 26 ആലപ്പാടിനെ ഒന്നുമല്ലാതാക്കി സുനാമി താണ്ഡവമാടിയ ദിവസം. ഇന്നും ആ ഓര്‍മകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. ഇന്തോനേഷ്യയിലെ സുമാത്ര കടലില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ തിരമാലകളാണ് ആലപ്പാട് തീരത്തെയും കവർന്നെടുത്തത്. അഴീക്കല്‍, ശ്രായിക്കാട്, പറയകടവ് ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. അഴീക്കല്‍ ജയന്തികോളനിയെ തിരമാലകള്‍ ഇല്ലാതാക്കി. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ആഞ്ഞടിച്ച തിരമാലകള്‍ക്കൊപ്പം എത്തിയ ചെളിക്കും മണ്ണിനും അടിയില്‍പ്പെട്ടും തകര്‍ന്ന വീടുകള്‍ക്കടിയില്‍പ്പെട്ടുമാണ് പലര്‍ക്കും ജീവന്‍ നഷ്ടമായത്. പലരുടേയും മൃതദേഹങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് കണ്ടെത്തനായത്. ആയിരക്കണക്കിനു വീടുകളും കടകളും തിരമാലകള്‍ ഇല്ലാതാക്കി. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ദുരന്തം വിതച്ച വേദനകളില്‍ നിന്നും പല കുടുംബാംഗങ്ങളും കരകയറിയിട്ടില്ല. സൂനാമി ദുരന്തത്തിൽ 143 പേരുടെ ജീവനാണ് നഷ്ടമായത്. 3500 കുടുംബങ്ങൾ ഭവനരഹിതരായി.
സുനാമി ദുരന്ത സ്മൃതി മണ്ഡപത്തില്‍ ബന്ധുക്കൾ, വിവിധ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. സുനാമി തിരമാലകളിൽ പെട്ട് മരിച്ചവരുടെ പുഷ്പാര്‍ച്ചന നടത്തുന്ന പതിവ് ഇപ്പോഴും തുടരുന്നു. ആലപ്പാട് സുനാമി സ്മൃതി മണ്ഡപത്തിൽ സി ആർ മഹേഷ് എം എൽ എ പുഷ്പചക്രം സമർപ്പിച്ചു. അഖില കേരള ധീവരസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുനാമി സ്മൃതി മണ്ഡപത്തിന് സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ദിനകരാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് യു രാജു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ വിശ്വംഭരൻ, ജില്ലാ സെക്രട്ടറി പ്രിയകുമാർ, ആർ ബാലചന്ദ്രൻ, ശരത് ചന്ദ്രൻ, നർമ്മദ, എൽ ശോഭ, കാവിൽ ബേബി ഷാജി എന്നിവർ സംസാരിച്ചു.
ശ്രായിക്കാട് എം കെ തങ്കപ്പൻ സാംസ്കാരിക വേദി വായനശാലയുടെ നേതൃത്വത്തിൽ ഇരുപതാമത് സുനാമി വാർഷിക ദിനാചരണം സംഘടിപ്പിച്ചു. മരണപ്പെട്ട 143 പേരുടെ ഓർമ്മക്കായി 143 ദീപം തെളിച്ചു. അനുസ്മരണ സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നേവൽ ബെസ്ഡ് ഡയറക്ടർ ജയസിംഹൻ മുഖ്യപ്രഭാക്ഷണം നടത്തി. വായനശാല പ്രസിഡൻ്റ് ശ്യാം ചന്ദ്രൻ അദ്ധ്യക്ഷനായി. കിരൺ യശോധരൻ എന്നിവർ സംസാരിച്ചു.