ബേണ്‍: ഭൂമിയുടെ ഉള്‍ഭാഗം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തണുക്കുന്നുവെന്ന് പഠനങ്ങൾ . ‘എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്‌സ് ജേണലില്‍’ പ്രസിദ്ധീകരിച്ച കാര്‍ണഗീ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സിലെ പ്രൊഫസര്‍ മോട്ടോയിക്കോ മുറകാമിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഭൂമിയുടെ ഉള്‍ഭാഗം ഗ്രഹങ്ങളായ ബുധനും ചൊവ്വയ്ക്കും സമാനമായ രീതിയില്‍ തണുക്കുന്നുവെന്ന് കണ്ടെത്തിയത്.
ഭൂമിയുടെ പരിണാമം എന്നത് തന്നെ ശീതീകരണത്തിന്റെ കഥയാണ്: 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഭൂമിയുടെ ഉപരിതലത്തിൽ തീവ്രമായ താപനില നിലനിന്നിരുന്നു, അത് മാഗ്മയാൽ മൂടപ്പെട്ട് കിടന്നു. പിന്നീട് ദശലക്ഷക്കണക്കിന് വർഷങ്ങളിൽ, ഭൂമിയുടെ ഉപരിതലം തണുത്തുകൊണ്ടിരുന്നു .
ഭൂമിയുടെ ഉള്ളില്‍ നിലനില്‍ക്കുന്ന മര്‍ദത്തിലും താപനിലയിലും ലബോറട്ടറിയിലെ ബ്രിഡ്‌ജ്‌മാനൈറ്റിന്‍റെ താപ ചാലകത അളക്കുന്നതിനുള്ള സംവിധാനം കാർണഗിയിലെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരുന്നു. കാമ്ബില്‍ നിന്ന് ഭൂവല്‍ക്കത്തിലേക്കുള്ള താപ പ്രവാഹം മുന്‍പ് കരുതിയതിലും കൂടുതലാണെന്ന് താപ ചാലകത അള ക്കുന്നതില്‍ നിന്നും കണ്ടെത്തി. താപ ചാലകത കൂടുന്നത് ഭൂവല്‍ക്കത്തിലേക്കുള്ള സംവഹനവും ഭൂമിയുടെ തണുപ്പും വര്‍ധിപ്പിക്കുന്നു.
മുന്‍കാല താപ ചാലക മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രതീക്ഷിച്ചതിലും വേഗത്തില്‍ പ്ലേറ്റ് ടെക്റ്റോണിക്സ് കുറയുന്നതിനും ഇത് കാരണമാകുന്നു. ടെക്‌റ്റോണിക്‌സ് ഭൂവല്‍ക്കത്തില്‍ സംവഹനങ്ങളുണ്ടാക്കുന്നു. ഈ മാറ്റങ്ങള്‍ ഗ്രഹത്തിന്റെ തണുപ്പിലേക്ക് നയിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളെ പോലെ ഭൂമി പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ തണുക്കുകയും നിഷ്‌ക്രിയമാവുകയും ചെയ്യുന്നുവെന്ന് മുറകാമി പറഞ്ഞു.