Wednesday, April 2, 2025

HomeScience and TechnologyDeep Seek ടെക് ഭീമന്‍മാരെ വിറപ്പിച്ച ചൈനയുടെ എഐ ആപ്പ്

Deep Seek ടെക് ഭീമന്‍മാരെ വിറപ്പിച്ച ചൈനയുടെ എഐ ആപ്പ്

spot_img
spot_img

ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ചൈനയില്‍ നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് (എഐ) മോഡലായ ഡീപ് സീക് (Deep Seek). കഴിഞ്ഞ ദിവസങ്ങളില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഡീപ് സീക് ജനുവരി 20നാണ് പുറത്തിറങ്ങിയത്.

കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച എഐ മോഡലാണ് ഡീപ് സീക് എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. OpenAI പോലുള്ള കമ്പനികള്‍ ചെലവഴിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ മികവാര്‍ന്ന എഐ മോഡല്‍ വികസിപ്പിക്കാനായി എന്നും കമ്പനി അവകാശപ്പെടുന്നു. ടെക് ഭീമന്‍മാര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിപ്പുകളുപയോഗിച്ചാണ് ഈ മോഡല്‍ വികസിപ്പിച്ചെടുത്തത്.

സാങ്കേതികവിദ്യയിലെ ആധിപത്യത്തിനായുള്ള ചൈനയുടെ മുന്നേറ്റം തടയാനുള്ള അമേരിക്കന്‍ ശ്രമങ്ങളെക്കുറിച്ചും ഡീപ് സീകിന്റെ ഉദയം ചോദ്യങ്ങളുയര്‍ത്തുന്നു. ചൈനയിലേക്ക് നൂതന ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിന് യുഎസ് നിരോധനം ഏര്‍പ്പെടുത്തിയതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. എഐയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ ആഹ്വാനവും ഡീപ് സീക് പോലെയുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളമേകി.

എന്താണ് ഡീപ് സീക് ?

ചാറ്റ് ജിപിടി പോലെ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് ഡീപ് സീക്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ജീവിതം കാര്യക്ഷമമാക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ള ആപ്പാണിതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

രാഷ്ട്രീയപരമായ സെന്‍സിറ്റീവ് ചോദ്യങ്ങള്‍ അവഗണിക്കാനുള്ള പരിശീലനവും ഡീപ് സീക് ആപ്പിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് നയങ്ങള്‍ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനം ലഭിച്ച മോഡലാണ് ഡീപ് സീക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. സങ്കീര്‍ണ്ണമായ പ്രവര്‍ത്തികള്‍ ചെയ്യാനും ചില സെന്‍സിറ്റീവ് വിവരങ്ങള്‍ തടഞ്ഞുവെയ്ക്കാനും ഈ മോഡലിന് സാധിക്കുന്നുണ്ട്. മോഡലിനായി 60 ലക്ഷം ഡോളറിന് താഴെ മാത്രമാണ് ചെലവഴിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

ഡീപ് സീകിന് പിന്നിലെ ബുദ്ധികേന്ദ്രം

2023 ഡിസംബറില്‍ ലിയാങ് വെന്‍ഫെങ് ആണ് ഡീപ് സീക് എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ ആദ്യത്തെ എഐ ലാംഗ്വേജ് മോഡലും ഡീപ് സീക് പുറത്തിറക്കി. ലിയാങിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സെജിയാംഗ് സര്‍വകലാശാലയിലാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ എന്‍ജീനിയറിംഗിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടിയയാളാണ് ഇദ്ദേഹം. ഇന്ന് ആഗോളതലത്തില്‍ തന്നെ ഇദ്ദേഹത്തിന്റെ സംരംഭം ചര്‍ച്ചയാകുകയാണ്.

ഹൈ ഫ്‌ളൈയര്‍ എന്നറിയപ്പെടുന്ന ഒരു ഹെഡ്ജ് ഫണ്ടിന്റെ സിഇഒ കൂടിയാണ് ഇദ്ദേഹം. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാമ്പത്തിക വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംരംഭമാണിത്. ക്വാണ്ടിറ്റേറ്റീവ് ട്രേഡിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. അതേസമയം 2019ല്‍ 100 ബില്യണ്‍ യുവാന്‍ നേടുന്ന ചൈനയിലെ ആദ്യത്തെ ക്വാണ്ട് ഹെഡ്ജ് ഫണ്ടായി ഹൈ ഫ്‌ളൈയര്‍ മാറിയിരുന്നു. അതേവര്‍ഷം നടന്ന ഒരുപരിപാടിയ്ക്കിടെ ലിയാങ് പറഞ്ഞ വാക്കുകള്‍ വളരെ ചര്‍ച്ചയായിരുന്നു. “അമേരിക്കയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ട്രേഡിംഗ് മേഖല വികസിപ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ചൈനയ്ക്ക് കഴിയില്ല?” എന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്.

ഡീപ് സീക് യുഎസ് കമ്പനികളെ എങ്ങനെ ബാധിച്ചു?

എഐ സാങ്കേതികവിദ്യയുടെ വികാസത്തിന് വിലയേറിയ ചിപ്പുകളും കോടിക്കണക്കിന് പണവും ചെലവാക്കണമെന്ന വിശ്വാസം തകര്‍ക്കാന്‍ ഡീപ് സീകിനായി. ‘‘ചെലവുകുറഞ്ഞ കമ്പ്യൂട്ടിംഗ് വിഭവങ്ങള്‍ ഉപയോഗിച്ച് അത്യാധുനിക എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ഡീപ് സീക് തെളിയിച്ചു,’’ എന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ എഐ അനലിസ്റ്റ് വെയ് സണ്‍ പറഞ്ഞു.

ഡീപ് സീകിന്റെ വരവ് നിരവധി ടെക് ഭീമന്‍മാരുടെ വിപണി മൂല്യത്തേയും ബാധിച്ചു. എന്‍വിഡിയയുടെ ഓഹരി വില 17 ശതമാനം ഇടിഞ്ഞതും വാര്‍ത്തയായിരുന്നു.

ചൈനയുടെ പ്രതികരണം

പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് സ്വതന്ത്രമായി സാങ്കേതികവിദ്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഡീപ് സീകിന്റെ സ്വീകാര്യത വലിയ പ്രചോദനം നല്‍കുന്നു. വിഷയത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡീപ് സീകിന്റെ വളര്‍ച്ച യുഎസിലെ ടെക് ഭീമന്‍മാരുടെ ഉറക്കം കെടുത്തിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

“ചൈനയിലെ ഡീപ് സീകിന്റെ വളര്‍ച്ച രാജ്യത്തിന്റെ സാങ്കേതികവിദ്യ വൈദഗ്ധ്യത്തിന്റെയും സ്വയംപര്യാപ്തയുടെയും തെളിവായി ആഘോഷിക്കപ്പെടുകയാണ്,” എന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ മറീന ഷാങ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments