ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഭൗമ നിരീക്ഷണത്തിനായി അയച്ച മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കന്‍ കമ്ബനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ്2 എന്നിവയാണ് വിക്ഷേപിച്ചത്.
രാജ്യം പുതുതായി നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണിത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിന് നടന്ന റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
ബഹിരാകാശ വിപണി കീഴടക്കാനായി ഐ എസ് ആര്‍ ഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ് എസ് എല്‍ വി. പി എസ് എല്‍ വി, ജി എസ് എല്‍ വി, എല്‍ വി എം3 എന്നിവയുടെയത്ര കരുത്തനല്ല ഈ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്.