ന്യൂഡല്‍ഹി: ചൈനീസ് കമ്പനി ചെലവുകുറഞ്ഞ നിർമിതബുദ്ധി മോഡൽ ഡീപ്‌സീക്ക് പുറത്തിറക്കിയതിനു പിന്നാലെ ഈ മേഖലയിൽ സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യയും. നാല് മുതൽ എട്ട് മാസത്തിനകം സ്വന്തമായി നിർമിതബുദ്ധിയുടെ മോഡൽ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൂടാതെ, സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കുമുൾപ്പെടെ ചെറിയ ചെലവിൽ 18,693 ജി.പി.യു.കളും (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) രണ്ട് ദിവസത്തിനകം ലഭ്യമാക്കും. കഴിഞ്ഞ ഒന്നരവർഷമായി ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ തുടങ്ങിയവരുമായി പ്രവർത്തിച്ചുവരുന്നുണ്ടെന്നും ഇപ്പോൾ സ്വന്തം മോഡൽ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സർക്കാർ മുൻപ് പ്രഖ്യാപിച്ച 10,370 കോടിയുടെ ഇന്ത്യാ എ.ഐ. മിഷന്റെ ഭാഗമായി ഫൗണ്ടേഷണൽ മോഡൽ വികസിപ്പിക്കാൻ ആറ് കമ്പനികളുമായി ധാരണയായി. നമ്മുടെ ഭാഷകളും സംസ്കാരവും പരിഗണിച്ചുകൊണ്ടും പക്ഷപാതമില്ലാതെയുമുള്ള മോഡലാണ് വികസിപ്പിക്കുക. ചെലവ് നിശ്ചയപ്പെടുത്തിയിട്ടില്ല. ഡീപ്‌സീക്ക് ഇന്ത്യൻ സെർവറുകളിലൂടെയും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.