ഭൂമിയുള്‍പ്പെടുന്ന നക്ഷത്രസമൂഹമായ ക്ഷീരപഥത്തിലെ രണ്ട് പ്രാചീന നക്ഷത്രക്കൂട്ടങ്ങളെ കണ്ടെത്തി ജര്‍മനിയില്‍ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞര്‍. 12 മുതല്‍ 13 ബില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഈ നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ‘ശിവ’നെന്നും ‘ശക്തി’യെന്നുമാണ് അവര്‍ പേരു നല്‍കിയത്. ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്‌ട്രോണമിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. അസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് ഇവരുടെ കണ്ടുപിടിത്തത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഈ കണ്ടുപിടിത്തം ക്ഷീരപഥത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുമെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ്യ ഉപഗ്രഹത്തില്‍ നിന്നും യുഎസ് സ്ലോണ്‍ ഡിജിറ്റൽ സ്‌കൈ സര്‍വെയില്‍ നിന്നുമുള്ള വിവരങ്ങള്‍ കണ്ടെത്തലിന് ഉപയോഗിച്ചിട്ടുണ്ട്. 2013-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗയ്യയുടെ വിവരശേഖരണത്തില്‍ നമ്മുടെ ക്ഷീരപഥത്തിലെ ഏകദേശം 1.5 ബില്ല്യണ്‍ നക്ഷത്രങ്ങളിലേക്കുള്ള ദൂരം, നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍, സ്ഥാനങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഇവ ഈ പഠനത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ക്ഷീരപഥത്തിൽ ലയിക്കുന്ന നക്ഷത്രങ്ങളുടെ ചുറ്റും ഊര്‍ജത്തിന്റെയും ആവേഗത്തിന്റെയും രണ്ട് പ്രത്യേക വലയങ്ങള്‍ ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. ശക്തിയെന്നും ശിവയെന്നും അറിയപ്പെടുന്ന ഈ നക്ഷത്രങ്ങളുടെ ഉറവിടമായ ക്ഷീരപഥത്തിന്റെ വേഗതയും ദിശയുമായും ബന്ധപ്പെട്ട അടിസ്ഥാന ഗുണങ്ങള്‍ നിലനിര്‍ത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞു.പഠനത്തിന്റെ ഭാഗമായ ഖ്യതി മല്‍ഹാന്‍ എന്ന ശാസ്ത്രജ്ഞനാണ് നക്ഷത്രങ്ങള്‍ക്ക് ശിവന്‍, ശക്തി എന്നീ പേരുകള്‍ നല്‍കിയത്. ഹിന്ദുമതത്തിലെ പ്രധാന ദൈവങ്ങളിലൊന്നാണ് ശിവന്‍. ശിവന്റെ ഭാര്യയാണ് ‘ശക്തി’ എന്നത് കൊണ്ട് പ്രതിനിധീകരിക്കുന്നത്.
ക്ഷീരപഥത്തിന്റെ ഹൃദയഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ‘ശക്തി’ക്കും ‘ശിവ’യ്ക്കും ഉയര്‍ന്ന ആവേഗമുള്ളതായി കണ്ടെത്തി. അവ മറ്റൊന്നില്‍ നിന്ന് നമ്മുടെ ക്ഷീരപഥത്തിലേക്ക് ലയിച്ചതാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കൂടാതെ, ഈ നക്ഷത്രങ്ങളില്‍ ലോഹത്തിന്റെ സാന്നിധ്യം വളരെ കുറവാണ്. ഇവ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപമെടുത്തതാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കൂടുതല്‍ ലോഹസാന്നിധ്യമുള്ള നക്ഷത്രങ്ങള്‍ സാധാരണഗതിയില്‍ അടുത്തകാലത്ത് രൂപം കൊണ്ടവയായിരിക്കും.
ക്ഷീരപഥത്തിലേക്ക് ആദ്യം കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് നക്ഷത്രങ്ങളായിരിക്കും ശക്തിയും ശിവനുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ക്ഷീരപഥത്തിന്റെ രൂപീകരണം സംബന്ധിച്ച പ്രക്രിയയിലേക്ക് ഈ കണ്ടെത്തല്‍ വെളിച്ചം വീശുന്നു.
ക്ഷീരപഥത്തിലെ പ്രാചീന നക്ഷത്രങ്ങളായ ‘ശിവ’യുടെയും ‘ശക്തി’യുടെയും കണ്ടെത്തല്‍ അതിന്റെ രൂപീകരണത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും മനസിലാക്കുന്നതിനുള്ള വഴികള്‍ തുറന്ന് നല്‍കുന്നു. പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ മനസ്സിലാക്കുന്നതിനുള്ള അന്വേഷണത്തില്‍ സുപ്രധാന നാഴികക്കല്ലായി മാറും ഈ കണ്ടെത്തല്‍.