Wednesday, March 12, 2025

HomeScience and Technologyമീറ്റ് ഗ്രൈന്‍ഡറിനുള്ളില്‍ കൈ കുടുങ്ങി വിരലുകള്‍ നഷ്ടപ്പെട്ട യുവാവിന് 3D പ്രിന്റഡ് വിരലുകള്‍

മീറ്റ് ഗ്രൈന്‍ഡറിനുള്ളില്‍ കൈ കുടുങ്ങി വിരലുകള്‍ നഷ്ടപ്പെട്ട യുവാവിന് 3D പ്രിന്റഡ് വിരലുകള്‍

spot_img
spot_img

ആധുനിക സങ്കേതികവിദ്യയുടെ വരവോട് കൂടി ഒട്ടേറപ്പേരുടെ ജീവിതങ്ങളാണ് മാറ്റിമറിക്കപ്പെട്ടിട്ടുള്ളത്. അതിനുള്ള ഉദാഹരണമാണ് മോ അലി എന്ന 40കാരന്‍. ഇറച്ചി അരച്ചെടുക്കുന്ന ഗ്രൈന്‍ഡറിനുള്ളില്‍ കൈ കുടുങ്ങി അദ്ദേഹത്തിന്റെ മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, അടുത്തിടെ 3D പ്രിന്റഡ് കൃത്രിമ ഉപകരണം നല്‍കിയതോടെ അദ്ദേഹത്തിന്റെ ജീവിതം പ്രതീക്ഷ നിറഞ്ഞതായി. ഈ നൂതനമായ കണ്ടുപിടിത്തം അദ്ദേഹത്തിന്റെ പ്രവര്‍ത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. അപകടത്തില്‍ വിരലുകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വലിയ വെല്ലുവിളിയാണ് മോ നേരിട്ടിരുന്നത്. ശാരീരികമായ വെല്ലുവിളികള്‍ക്കപ്പുറം അദ്ദേഹത്തിന്റെ മാനസികനിലയെയും അത് ബാധിച്ച് തുടങ്ങിയിരുന്നു.എന്നാല്‍, കൃത്രിമ കൈ പിടിപ്പിച്ചതോടെ മോയില്‍ ശ്രദ്ധേമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മികച്ചൊരു സൈക്ലിസ്റ്റായ മോ ഇതോടെ ആത്മവിശ്വാസത്തിന്റെ തേരിലേറി യാത്ര തുടരുകയാണ്. മോയില്‍ ഘടിപ്പിച്ച ഹീറോ ഗൗണ്ട്‌ലറ്റ് എന്നറിയപ്പെടുന്ന റോബോട്ടിക് കൈ കൃത്രിമമായി നിര്‍മിച്ചതാണ്. കൈയ്യുടെ ഒരു ഭാഗം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ബയോണിക്‌സ് എന്ന സ്ഥാപനമാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ കൃത്രിമ കൈ ഉപയോഗിച്ച് മോയ്ക്ക് ഇപ്പോള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പ്രയാസം കൂടാതെ വസ്ത്രങ്ങള്‍ ധരിക്കാനും കഴിയും.

വൈകാതെ തന്നെ അദ്ദേഹം സൈക്കിള്‍ ചവിട്ടാനും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമൊക്കെ കൈമറച്ചുവെച്ചാണ് നടന്നിരുന്നതെന്ന് മിററിന് നല്‍കിയ അഭിമുഖത്തില്‍ മോ പറഞ്ഞു. അതേസമയം, ഇപ്പോള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കൈകള്‍ മറച്ചുവയ്ക്കണമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് സസെക്‌സിലെ ബ്രൈറ്റണ്‍ സ്വദേശിയാണ് മോ. ബൈക്ക് ഓടിക്കുമ്പോള്‍ ഹാൻഡിലിലെ കൈകള്‍ പിടിക്കുന്ന ഭാഗത്ത് ടിഷ്യു തിരുകിയാണ് ഉപയോഗിച്ചിരുന്നതെന്നും മോ അഭിമുഖത്തില്‍ പറഞ്ഞു.‘‘എനിക്ക് ബൈക്കുകള്‍ ഏറെ ഇഷ്ടമാണ്. സൈക്ലിങ്, മോട്ടോര്‍ബൈക്കുകള്‍ എല്ലാം ഞാന്‍ ഓടിക്കുമായിരുന്നു. ഇപ്പോള്‍ ഹീറോ ഗൗണ്ട്‌ലെറ്റ് ഉപയോഗിച്ച് കൈകള്‍ മറ്റുവസ്തുക്കളില്‍ മുറുക്കെ പിടിക്കാന്‍ കഴിയുന്നുണ്ട്,’’ മോ പറഞ്ഞു.

15 വര്‍ഷം മുമ്പാണ് മോയ്ക്ക് അപകടം സംഭവിക്കുന്നത്. അതിന് ശേഷം നഷ്ടപ്പെട്ട വിരലുകള്‍ക്ക് പകരമായി പല കൃത്രിമമാര്‍ഗങ്ങളും സ്വീകരിച്ചുവെങ്കിലും അതൊന്നും ശാശ്വതമായിരുന്നില്ല. എന്നാല്‍, പുതിയ മെഷീന്‍ ഘടിപ്പിച്ചതോടെ തനിക്ക് അത് വലിയ സഹായമായി മാറിയെന്ന് മോ സാക്ഷ്യപ്പെടുത്തുന്നു. ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുന്ന കൃത്രിമ കൈകള്‍ നിര്‍മിക്കാന്‍ കമ്പനിക്ക് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഓപ്പണ്‍ ബയോണിക്‌സിന്റെ സഹ സ്ഥാപകയായ സാമന്ത പെയ്ന്‍ മിററിനോട് പറഞ്ഞു. തങ്ങളുടെ ഉപകരണം കൊണ്ട് മോയുടെ ജീവിതം ശാരീരികമായും വൈകാരികമായും മെച്ചപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments