- രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് പരിപാടിയുടെ രണ്ടാം പതിപ്പിന് ന്യൂഡല്‍ഹിയില്‍ സമാപനം
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനിന്ന മഹാകുംഭ് 2025 ല്‍ ധാരണാപത്രം ഒപ്പുവയ്ക്കല്‍ അടക്കം നിരവധി ബിസിനസ് അവസരങ്ങള്‍ സ്വന്തമാക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള (കെഎസ്‌യുഎം) സ്റ്റാര്‍ട്ടപ്പുകള്‍. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വ്യാഴാഴ്ച ആരംഭിച്ച മഹാകുംഭ് ശനിയാഴ്ച സമാപിച്ചു.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് മഹാകുംഭിന്‍റെ രണ്ടാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള ഇരുപത്തഞ്ചോളം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ നൂതന ഉത്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിച്ചു.
‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ@2047: അണ്‍ഫോള്‍ഡിങ് ദ ഭാരത് സ്റ്റോറി’ എന്നതായിരുന്നു രാജ്യതലസ്ഥാനത്ത് നടന്ന ഈ പരിപാടിയുടെ പ്രമേയം. വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, പ്രമോട്ടര്‍മാര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ബിസിനസ് അവസരങ്ങള്‍ ലഭിച്ചതിന് പുറമേ ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കാനും സാധിച്ചതായി കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വിവിധ മേഖലകളിലെ പങ്കാളിത്ത സാധ്യതകളെ സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉള്‍ക്കാഴ്ച ലഭിച്ചു. നിക്ഷേപകരുമായും പ്രധാനപ്പെട്ട വ്യവസായ പങ്കാളികളുമായും ബന്ധപ്പെടുന്നതിനുള്ള വിശേഷപ്പെട്ട അവസരമായിരുന്നു ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേക്കര്‍ലാബ്സ് എഡ്യൂടെക് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത അധ്യാപക റോബോട്ടായ ഐറിസ് എക്സ്പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഷാര്‍ജ റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്കിന്‍റെ (എസ്ആര്‍ടിഐപി) പ്രതിനിധിയായ മുഹമ്മദ് സലിം കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും സഹകരണത്തിന് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഗവണ്‍മെന്‍റ് ഇ മാര്‍ക്കറ്റ് പ്ലേസ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, എച്ച്ഡിഎഫ്സി പരിവര്‍ത്തന്‍ ഗ്രാന്‍റ്, സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പവലിയനുകളിലൂടെയാണ് കേരള സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിച്ചത്.
രാജ്യത്താകമാനമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും നയരൂപകര്‍ത്താക്കളുടെയും മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു ഈ പരിപാടി. രാജ്യത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും നവീനാശയങ്ങള്‍ പ്രദര്‍ശിപ്പിച്ച് പങ്കാളിത്തങ്ങള്‍ വളര്‍ത്തുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും ഇതിലൂടെ സാധിച്ചു.
മെന്‍റര്‍ഷിപ്പ് ക്ലിനിക്കുകള്‍, പിച്ച് മത്സരങ്ങള്‍, നേതൃത്വ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും വേണ്ടിയുള്ള ശില്‍പശാലകള്‍ എ്ന്നിവയടക്കം നിരവധി ആകര്‍ഷകമായ പരിപാടികള്‍ മഹാകുംഭിന്‍റെ ഭാഗമായി നടന്നു.
ടൂട്ടിഫ്രൂട്ടി ഇന്‍ററാക്ടീവ്, ആല്‍ഫഗീക് എന്‍റര്‍പ്രൈസസ്, വോയിഡ് വെക്ടര്‍ വെഞ്ചേഴ്സ്, എയിറ്റ് സ്പെഷ്യലിസ്റ്റ് സര്‍വീസസ്, ഇന്നോഡോട്ട്സ് ഇന്നൊവേഷന്‍സ്, മേക്കര്‍ലാബ്സ് എഡ്യൂടെക്, ബയോ-ആര്യവേദിക് നാച്ചുറല്‍സ്, നിയോക്സ് ഇക്കോ സൈക്കിള്‍, ക്വാണ്ടംവീവ് ഇന്‍റലിജന്‍സ്, എജിയോ ഗ്ലോബല്‍ ഫുഡ്സ്, വീകോഡ് ലൈഫ്, സയര്‍ സയന്‍സ്, ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ്, സി-ഡിസ്ക് ടെക്നോളജീസ്, ബിപിഎം പവര്‍, ജിഎച്ച്സി ഫിനാന്‍ഷ്യല്‍ അഡ്വൈസറി സര്‍വീസസ് എന്നിവയാണ് കേരളത്തില്‍ നിന്ന് പങ്കെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍.