ലണ്ടൻ: ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന ശക്തമായ സാധ്യത കണ്ടെത്തിയതായി കേംബ്രിഡ്‌ജ് സർവകലാശാല ശാസ്‌ത്രജ്ഞർ. ഭൂമിയിൽനിന്ന് ഏകദേശം 124 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന K2-18b എന്ന ഗ്രഹത്തിൽ ജീവന്റെ തുടിപ്പുണ്ടാകാമെന്നാണ് വിലയിരുത്തൽ. ജീവസാന്നിധ്യവുമായി ബന്ധമുള്ള രാസസംയുക്തങ്ങൾ ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ രണ്ടാംതവണയാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയത്.
അവിടെ ജീവനുണ്ടെന്ന് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ശക്തമായ തെളിവാണിതെന്ന് കേംബ്രിഡ്‌ജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമി മുഖ്യ ഗവേഷകനായ പ്രൊഫ. നിക്കു മധുസൂദനൻ ബിബിസിയോട് പ്രതികരിച്ചു. രണ്ട് വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയേക്കാൾ രണ്ടര ഇരട്ടി വലിപ്പമുള്ള K2-18bൽ ജീവന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട ഡൈമീഥൈൽ സൾഫൈഡ്, ഡൈമീഥൈൽ ഡൈസൾഫൈഡ് എന്നീ തന്മാത്രകളിൽ ഒന്നിന്റെയെങ്കിലും സൂചനയുണ്ട്. ഭൂമിയിൽ ബാക്‌ടീരിയകളാണ് ഈ വാതകങ്ങൾക്ക് കാരണമാകുന്നത്.