ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ഓപ്പൺ എഐ. തിങ്കളാഴ്ച നടന്ന ചടങ്ങിൽ തത്സമയ സ്ട്രീമിംഗിലൂടെ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ മിറ മുരാതി പുതിയ പതിപ്പിന്റെ സവിശേഷതകൾ വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഒരു സുപ്രാധാന ചുവട് വയ്പ്പാണ് പുതിയ പതിപ്പെന്ന് ഓപ്പൺ എഐ പറയുന്നു. മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ഇടപെടൽ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാൻ പുതിയ പതിപ്പിന് സാധിക്കുമെന്നും കമ്പനി സൂചിപ്പിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നിലവിൽ ചാറ്റ് ജിപിടിയുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നവർക്കും ചാറ്റ് ജിപിടി 4 ഒ ഉപയോഗിക്കാൻ സാധിക്കും. മുൻ പതിപ്പുകളെ അപേക്ഷിച്ച് ഉപയോക്താവിന് തന്റെ നിർദ്ദേശങ്ങൾ ടെക്സ്റ്റ്, ഓഡിയോ, ഇമേജ് രൂപങ്ങളിൽ നൽകാനും അതേ ഫോർമാറ്റുകളിൽ തന്നെ പ്രതികരിക്കാൻ എഐയ്ക്ക് സാധിക്കുകയും ചെയ്യുമെന്നതാണ് പുതിയ പതിപ്പിന്റെ പ്രധാന പ്രത്യേകത.
ആപ്പിളിന്റെ സിറി, സാംസങ്ങിന്റെ ബിക്സ്ബൈ, മൈക്രോസോഫ്റ്റിന്റെ കോർട്ടാന, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയെ വെല്ലുന്നതാണ് ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ്. തമാശകൾ തിരിച്ചറിയാനും, പാട്ട് പാടാനും, മനുഷ്യ വികാരങ്ങളെ മനസ്സിലാക്കാനും ജിപിടി 4 ഒ യ്ക്ക് സാധിക്കും. പുതിയ പതിപ്പിന്റെ അവതരണ വേളയിൽ എഐ ഇംഗ്ലീഷും ഇറ്റാലിയനും പരസ്പരം പരിഭാഷപ്പെടുത്തുകയും, കണക്കിലെ ചോദ്യങ്ങൾക്ക് പേപ്പറിലെഴുതി ഉത്തരം കണ്ടെത്തുകയും, മനുഷ്യന്റെ ശ്വാസം ശ്രദ്ധിച്ച് മനസ്സിലാക്കി ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശീലിക്കാനുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു. മുൻ പതിപ്പുകളായ ജിപിടി – 3.5, ജിപിടി – 4 എന്നിവയെ അപേക്ഷിച്ച് ഉപയോക്താക്കളുടെ ശബ്ദ നിർദ്ദേശങ്ങളെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റിയ ശേഷം പ്രതികരിക്കുന്നത് പകരം ഒരേ ന്യൂറൽ നെറ്റ്‌വർക്ക് വഴി ഇൻപുട്ട് – ഔട്ട്പുട്ട് പ്രോസ്സസിങ് നടത്താൻ ജിപിടി 4 ഒ യ്ക്ക് സാധിക്കും. പുതിയ ഫീച്ചറുകൾ ഉടൻ തന്നെ എല്ലാ ചാറ്റ് ജിപിടി ഉപയോക്താക്കൾക്കും ലഭ്യമാകും.