അഞ്ച് മിനിറ്റിനുള്ളില്‍ ഒരാളുടെ ജീവനെടുക്കാന്‍ കഴിയുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മതിയായ സംരക്ഷണമില്ലാതെ ഈ പദാര്‍ത്ഥത്തിന് അടുത്ത് നില്ക്കുന്നവര് പോലും റേഡിയേഷനേറ്റ് അഞ്ച് മിനിറ്റിനുള്ളില്‍ മരണപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു. ലാവ പോലെയുള്ള പദാര്‍ത്ഥമായ കോറിയമാണ് ഈ വില്ലൻ. ആണവ ഇന്ധനം യുറേനിയം, പ്ലൂട്ടോണിയം, നീരാവി, വായു എന്നിവയുമായി കലരുമ്പോഴാണ് കോറിയം രൂപപ്പെടുന്നത്. ആണവ നിലയങ്ങളില്‍ അപകടങ്ങളുണ്ടാകുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. ചരിത്രത്തില്‍ അഞ്ച് തവണ മാത്രമാണ് കോറിയം രൂപപ്പെട്ടിരിക്കുന്നത്.
1979ലെ പെന്‍സില്‍വാനിയയിലെ ത്രീ മൈല്‍ ആണവ അപകടം, 1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തം, 2011ല്‍ ജപ്പാനിലെ ഫുകുഷിമ ആണവ പ്ലാന്റില്‍ മൂന്ന് തവണയുണ്ടായ ആണവ അപകടം എന്നീ സമയത്താണ് കോറിയം രൂപപ്പെട്ടത്. 1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ചില തൊഴിലാളികള്‍ ഇവിടുത്തെ ന്യൂക്ലിയാര്‍ പ്ലാന്റിലേക്ക് എത്തിയിരുന്നു. അന്ന് അവിടെ കട്ടിയുള്ള ലാവ പോലെയുള്ള പദാര്‍ത്ഥം അവര്‍ കണ്ടെത്തി. ആനയുടെ കാലിന്റെ ആകൃതിയിലുള്ള ഈ വസ്തുവിനെ അവര്‍ എലിഫന്റ് (elephant foot) എന്നാണ് വിളിച്ചത്.
കോറിയം ഉള്‍പ്പെട്ട പദാര്‍ത്ഥമായിരുന്നു ഇത്. റേഡിയേഷന് രംഗത്തെ വിദഗ്ധനും ന്യൂ സേഫ് കണ്‍ഫൈന്‍മെന്റ് പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ ആര്‍തര്‍ കോര്ണിയോവ് ഈ പദാര്‍ത്ഥത്തിന്റെ ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു. അപകടം നടന്ന റിയാക്ടര്‍ നമ്പര്‍ 4ന്റെ അടുത്താണ് ഇവ കണ്ടെത്തിയത്. ഇതില്‍ നിന്നും റേഡിയേഷന് ഉണ്ടാകുമെന്ന് മനസ്സിലാക്കിയ അധികൃതര്‍ സ്റ്റീലും കോണ്‍ക്രീറ്റുമുപയോഗിച്ച് ഇവയെ മൂടാന്‍ തീരുമാനിക്കുകയായിരുന്നു.
ആണവ ദുരന്തത്തിന്റെ ഫലമായി കോറിയം രൂപപ്പെട്ടാല്‍ അവ പുറത്തേക്ക് പടരാതിരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. അവയെ തണുപ്പിക്കുന്നതിലൂടെ പദാര്‍ത്ഥത്തെ ദൃഢപ്പെടുത്താന്‍ കഴിയും. കോറിയം തണുപ്പിച്ചില്ലെങ്കില്‍ ആണവ പ്ലാന്റിന്റെ കനത്ത ഭിത്തികളിലൂടെ അവ ഉരുകി പുറത്തേക്ക് എത്തും. നിലവില്‍ കോറിയത്തിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ ശാസ്ത്രലോകം പഠിച്ചുകഴിഞ്ഞു. 2021ഓടെ ആനയുടെ കാലിന്റെ രൂപത്തില്‍ രൂപപ്പെട്ട കോറിയം മണ്ണിന്റെ ഘടന പ്രാപിച്ചിട്ടുണ്ട്.