ചൈനയിലെ ഹെബെയ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശാസ്ത്രലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എബോളയില്‍ നിന്ന് കണ്ടെത്തിയ ഗ്ലൈക്കോപ്രോട്ടീന്‍ ഉപയോഗിച്ച് മാരകമായ ഒരു വൈറസിനെ നിര്‍മിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇത് പരീക്ഷിച്ച ഹാംസ്റ്ററുകള്‍ ചത്തുപോയതായും ഗവേഷകര്‍ അറിയിച്ചു. എബോളയുടെ രോഗലക്ഷണങ്ങളെക്കുറിച്ച് ഈ പരീക്ഷണം തന്ത്രപ്രധാനമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെങ്കിലും ഇത്തരമൊരു കണ്ടുപിടിത്തത്തിന്റെ സുരക്ഷയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും ഉയരുന്നുണ്ട്.
എബോളയെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഗവേഷകര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. നിയന്ത്രിത ലബോട്ടറി അന്തരീക്ഷണത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. എബോള വൈറസിന്റെ ഗ്ലൈക്കോപ്രോട്ടീനില് നിന്ന് രൂപകല്‍പ്പന ചെയ്ത ഈ വൈറസ് പഠനവിധേയമാക്കിയ ഹാംസ്റ്ററുകളെ ഒന്നടങ്കം ഇല്ലാതാക്കി. എബോള വൈറസ് മനുഷ്യരില്‍ പിടികൂടുമ്പോള്‍ കാണുന്ന ഗുരുതരമായ രോഗലക്ഷണങ്ങളാണ് ഹാംസ്റ്ററുകളില്‍ കണ്ടെത്തിയതെന്ന് സയന്‍സ് ഡയറക്ടില്‍ പങ്കുവെച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുതിയ പഠനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
ആണും പെണ്ണും ഉള്‍പ്പെടുന്ന മൂന്ന് മാസം പ്രായമുള്ള ഹാംസ്റ്ററുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. നേത്രഗോളങ്ങളില്‍ ചുണങ്ങുപോലെയുള്ള ഒരു പാട് വരികയും അത് അവയുടെ കാഴ്ചയെ ബാധിക്കുകയും ചെയ്തതായി പഠനത്തില്‍ വിശദീകരിക്കുന്നു. ഇതേ ലക്ഷണം എബോള പിടിപെട്ട മനുഷ്യരിനും ഗുരുതരമായി പ്രകടിപ്പിക്കാറുണ്ട്. ഹാംസ്റ്ററുകളുടെ കരളിനുള്ളിലാണ് വൈറസുകള്‍ ഏറ്റവും അധികം കാണപ്പെട്ടത്. ഹൃദയം, തലച്ചോറ്, വൃക്ക, സ്പീന്‍, ശ്വാസകോശം, വയറ്, കുടല് എന്നിവയിലെല്ലാം വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തി.
ഈ പഠനം ഇബിഒവി (എബോള വൈറസ്) ക്കെതിരായ ചികിത്സാ പ്രതിരോധ നടപടികളില്‍ ദ്രുതഗതിയിലുള്ള മുന്‍കരുതല്‍ എടുക്കാനും നടപടികള്‍ സ്വീകരിക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. എബോള വൈറസ് രോഗത്തെ നേരിടുന്നതിനുള്ള സാങ്കേതിക മുന്നേറ്റങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും.
എബോള ഗ്ലൈക്കോപ്രോട്ടീനെ വഹിക്കുന്നതിനായി വെസിക്കുലാര്‍ സ്റ്റോമാറ്റിറ്റിസ് വൈറസിനെയാണ് ഗവേഷകര്‍ ഉപയോഗിച്ചത്. എബോള ഗവേഷണത്തിന് സാധാരണയായി ആവശ്യമായ കൂടുതല്‍ നിയന്ത്രിത ലാബോട്ടറി സംവിധാനമായ ബയോസേഫ്റ്റി ലെവല്‍ 4ന് (ബിഎസ്എല്‍-24) പകരം ബിഎസ്എല്‍ -2 സൗകര്യത്തിലാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണം സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പഠനത്തെ കൂടുതല്‍ ചെലവ് കുറഞ്ഞ് കൈകാര്യം ചെയ്യാനും പ്രായോഗികവുമാക്കി.
ഗവേഷണത്തിലെ കണ്ടെത്തല്‍ ശാസ്ത്ര ഗവേഷണത്തിലും പൊതുജനാരോഗ്യത്തിനും ഗുണം ചെയ്യും. ശാസ്ത്രഞ്ജര്‍ക്ക് രോഗത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും രോഗബാധ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാനും സഹായിക്കും.
മനുഷ്യരില്‍ അപൂര്‍വമായി പിടിപെടുന്ന എബോള ഗുരുതരമായ രോഗലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. രോഗം അതിമാരകമായാണ് വിലയിരുത്തപ്പെടുന്നത്. പഴംതീനി വവ്വാലുകള്‍, ചിമ്പാന്‍സികള്‍, ഗൊറില്ലകള്‍, കുരങ്ങുകള്‍, ഫോറസ്റ്റ് ആന്റലോപ്പ്, മുള്ളന്‍ പന്നി തുടങ്ങിയ രോഗബാധിതരായ മൃഗങ്ങളുടെ രക്തം, സ്രവങ്ങള്‍, അവയവങ്ങള്‍ അല്ലെങ്കില്‍ മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
1976-ലാണ് എബോള ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഒരേ സമയം രണ്ടിടത്തായാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കന്‍ സുഡാനിലെ ന്സാറയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യാംബുകുവിലുമാണ് രോഗബാധയുണ്ടായത്. എബോള നദിക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണ് ഈ രോഗത്തിന് ആ പേര് ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എബോള ഗവേഷണത്തില്‍ ഹെബെയ് മെഡിക്കല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനം നിര്‍ണായകമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. എബോളയ്ക്കെതിരായ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാനും പ്രാഥമിക വിലയിരുത്തലിനായി ഉപയോഗിക്കാവുന്ന ഒരു മാതൃകയായും ഇത് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഈ പഠനം സുരക്ഷ സംബന്ധിച്ചും ധാര്‍മികത സംബന്ധിച്ചും ചോദ്യമുയര്‍ത്തുന്നുണ്ട്. നിയന്ത്രിത ലാബോട്ടറി സംവിധാനത്തിലാണെങ്കില്‍ പോലും രൂപമാറ്റം വരുത്തുന്ന ഇത്തരം വൈറസുകളെ സൃഷ്ടിക്കുന്നത് ഉറപ്പായും വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. കൂടാതെ വൈറസിനെ ആകസ്മികമായി പുറത്തേക്ക് വിടുന്നതും ദുരുപയോഗവും തടയുകയും വേണം.