ജൂലൈ 19ന് ഉണ്ടായ മൈക്രോസോഫ്റ്റ് തകരാർ ലോകത്താകമാനം വിവിധ മേഖലയിലെ പ്രവർത്തനങ്ങളെ ബാധിക്കുകയുണ്ടായി. ഇതേ തുടർന്ന് കാൻസർ രോഗിയായ 41 കാരിയുടെ മസ്തിഷ്കത്തിൽ നടത്താനിരുന്ന ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വെള്ളിയാഴ്ചയാണ് ചാൻ്റല്ലെ മൂണി എന്ന സ്ത്രീ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു മൈക്രോസോഫ്റ്റിന് സാങ്കേതിക തകരാർ സംഭവിച്ചത്.
മൂന്നാഴ്ച മുമ്പ്, ശരീരത്തിൻ്റെ ഒരു വശത്ത് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ നാല് സെന്റീമീറ്ററോളം വലിപ്പമുള്ള ഒരു മുഴ കണ്ടെത്തി. അടിയന്തരമായി ഇത് നീക്കം ചെയ്യണമെന്നും ഡോക്ടർ ചാൻ്റല്ലെയെ അറിയിച്ചു. 2022 ഫെബ്രുവരിയിൽ ആണ് ഇവർക്ക് ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാൻസർ) ആണെന്ന് സ്ഥിരീകരിച്ചിരുന്നു. അതും നാലാം ഘട്ടമായതിനാൽ കൃത്യമായി ചികിൽസ നൽകിയാൽ മാത്രമേ ചെറിയ ശതമാനമെങ്കിലും ഭേദമാക്കാനും നീണ്ടകാലത്തേക്ക് ജീവൻ നിലനിർത്താനും സാധിക്കുകയുമുള്ളൂ.
അങ്ങനെ ആശുപത്രിയിൽ തന്റെ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന വേളയിലാണ് ചാൻ്റല്ലെ ടിവിയിൽ മൈക്രോസോഫ്റ്റ് തകരാർ സംബന്ധിച്ച വാർത്ത കണ്ടത്. പിന്നാലെ ശസ്ത്രക്രിയയ്ക്ക് പ്രധാനപ്പെട്ട സ്കാനുകൾ, അടിയന്തര മരുന്നുകൾ, മെഡിക്കൽ റെക്കോർഡുകൾ എന്നിവയെല്ലാം പരിശോധിക്കേണ്ടതിനാൽ മൈക്രോസോഫ്റ്റ് സംവിധാനങ്ങളില്ലാതെ ശസ്ത്രക്രിയ തുടരാനാവില്ലെന്ന് ഡോക്ടർമാർ അവരെ അറിയിക്കുകയായിരുന്നു.
” എനിക്ക് ആദ്യം ടെർമിനൽ സെർവിക്കൽ ക്യാൻസറാണ് കണ്ടെത്തിയിരുന്നു. ബ്രെയിൻ ട്യൂമർ മൂന്നാഴ്ച മുമ്പ് മാത്രമാണ് സ്ഥിരീകരിച്ചത്. ഇതിന് നാല് സെൻ്റീമീറ്ററോളം വലിപ്പമുള്ളതിനാൽ അത് അടിയന്തിരമായി നീക്കം ചെയ്യേണ്ടതുണ്ട്” ചാൻ്റല്ലെ പറഞ്ഞു. ആശുപത്രികളിലുടനീളം ധാരാളം ഉപകരണങ്ങളിലും സ്കാനുകളിലും മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നുണ്ട്.
അതേസമയം രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ശസ്ത്രക്രിയ മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. “ഇത് ഒരു നീണ്ട ശസ്ത്രക്രിയയാണ്, ഇതിന് നാല് മുതൽ ഏഴ് മണിക്കൂർ വരെ വേണ്ടി വരും. കൂടാതെ ഓപ്പറേഷൻ സമയത്ത് ഇത്തരത്തിൽ സാങ്കേതിക തകരാർ സംഭവിച്ചാൽ ഉണ്ടാകുന്ന അപകടസാധ്യതകളും സർജൻ ചൂണ്ടിക്കാട്ടി.
സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റാണ് ലോകമെമ്പാടുമുള്ള ഐടി സംവിധാങ്ങൾ നിശ്ചലമാകാൻ കാരണമായത്. ഈ പ്രശ്നം മൈക്രോസോഫ്റ്റ് അംഗീകരിച്ചിരുന്നു. പിന്നാലെ തകരാർ പരിഹരിച്ചുവെന്നും സേവനങ്ങൾ വീണ്ടെടുത്തുവെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.