സാംസംഗിന്റെ ഗാലക്‌സി ഇസഡ് ഫോൾഡ് 6ന്റ പുതിയ മോഡൽ കമ്പനി ഒക്ടോബറിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ വിപണികളിലാകും ആദ്യം മോഡൽ എത്തുക. ഈ മാസം ആദ്യം പാരീസിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൽ സാംസംഗ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു.
ക്യൂ6എ എന്ന് കൂടി പേരിട്ടിരിക്കുന്ന സാംസംഗ് ഗാലക്സി ഇസഡ് ഫോൾഡ് 6-ൻ്റെ പുതിയ മോഡലിന് കനം തീരെ കുറവും വലിയ ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്നാണ് വിവരം. കൂടാതെ ക്യാമറയിലും ഏറെ അപ്‌ഗ്രേഡുകൾ ഉണ്ടാകാനാണ് സാധ്യത. ഒപ്പം എസ്എം – എഫ്958എൻ എന്ന മോഡലിനുള്ള സോഫ്‌റ്റ്‌വെയർ സാംസംഗ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ മോഡൽ ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാകും ആദ്യം എത്തുക എന്നാണ് വിവരം.
സാംസംഗ് 10 എംഎം ഗാലക്‌സി ഇസഡ് ഫോൾഡ് 6 സ്ലിം മോഡൽ ഒക്ടോബറിൽ അവതരിപ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ പരിപാടിയിൽ സാംസംഗ് ഗാലക്‌സി ടാബ് എസ് 10+, ഗാലക്‌സി ടാബ് എസ് 10 അൾട്രാ എന്നിവയും അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സാംസംഗിന്റെ ആദ്യത്തെ എക്സ്ടെന്റഡ് റിയാലിറ്റി (എക്സ്ആർ) ഹെഡ്‌സെറ്റിന്റെ ആദ്യ അവതരണവും ഉണ്ടായേക്കാം. ഫോൾഡ് 6 മോഡലിന്റെ അവതരണം കമ്പനിയെ ഫോൾഡബിൾ മോഡലുകളുടെ ആവശ്യം കൂടുതലുള്ള രാജ്യങ്ങളിൽ വളരാൻ സഹായിക്കും.
ഭാവിയിൽ കൂടുതൽ കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ സാംസംഗ് അവതരിപ്പിക്കുമെന്ന് സാംസംഗിന്റെ മൊബൈൽ എക്‌സ്‌പീരിയൻസ് വിഭാഗത്തിൻ്റെ പ്രസിഡന്റായ ടിഎം റോഹ് പറഞ്ഞു. ഗാലക്‌സി എസ് 24-ന് സമാനമായ കനം എക്സ്ട്രാ-സ്ലിം ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾ വികസിപ്പിക്കാൻ അദ്ദേഹം സാംസംഗ് എഞ്ചിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫോൾഡബിൾ ഫോണുകളുടെ ഭാരം 239 ഗ്രാമിന് താഴെയെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കൂടാതെ സാംസംഗ് ഫോണുകളുടെ ഡിസ്‌പ്ലെയുടെ വലുപ്പം 8 ഇഞ്ചിലേക്ക് എത്തിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.