ഉദയ്പുരിയ (ജയ്പൂര്‍): ഫോണ്‍ കോളിനിടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലാണ് സംഭവം. ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് നഗറാണ് മരിച്ചത്.
പൊട്ടിത്തെറിയില്‍ ഇരുചെവികള്‍ക്കും പരുക്കേറ്റ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.
ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഉപകരണം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ രാകേഷ് അബോധാവസ്ഥയിലാവുകയും ചെയ്തു. ചെവികള്‍ക്ക് കാര്യമായി പരുക്കേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ കുറവാണ്. ഇത്തരമൊരു മരണം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കാം.
സ്മാര്‍ട് ഫോണുകളും ബാറ്ററികളും പൊട്ടിത്തെറിച്ചുള്ള മരണങ്ങള്‍ പതിവാണ്. എന്നാല്‍ ഇത്രയും ചെറിയ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ എങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ഏതു ബ്രാന്‍ഡിന്റെ ബ്ലൂടൂത്ത് ഹെഡ്‌ഫോണാണ് അപകടത്തിനു കാരണമായതെന്നും അറിവായിട്ടില്ല.