ബെംഗളൂരൂ: ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗൻയാന്റെ ആദ്യ വിക്ഷേപണ പരീക്ഷണം ഒക്ടോബര്‍ 21ന് നടക്കും.
ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥാണ് തീയതി പ്രഖ്യാപിച്ചത്. ‘ക്രൂ എസ്‌കേപ്പ് സിസ്റ്റ’ത്തിന്റെ നാല് പരീക്ഷണങ്ങളില്‍ ആദ്യത്തേതായ ഫ്ലൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷൻ- 1 (ടിവി-ഡി1) ആണ് 21ന് നടക്കുക.
ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 വിക്ഷേപണത്തിന് സജ്ജമായതായി നേരത്തെ ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു.ഗഗയാൻ വിക്ഷേപണത്തിനുശേഷം ഏതെങ്കിലും സാഹചര്യം മൂലം ദൗത്യം അബോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍, ബഹിരാകാശയാത്രികര്‍ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തില്‍നിന്ന് സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തില്‍ മാറ്റാൻ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന അടിയന്തര സംവിധാനമാണ് ക്രൂ എസ്‌കേപ് സിസ്റ്റം.പരീക്ഷണ വിക്ഷേപണത്തില്‍ ഏകദേശം 17 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാകും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം പരീക്ഷിക്കുക.