വാഹനം ഓടിക്കുമ്പോള്‍ ഒരു വളവു തിരിഞ്ഞാല്‍ അവിടെ മനുഷ്യനോ മൃഗങ്ങളോ നില്‍പ്പുണ്ടോ എന്ന് ഡ്രൈവര്‍ക്ക് നേരത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതടക്കം പല സാധ്യതകളുമുള്ള പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. പല വസ്തുക്കള്‍ക്കും അകത്തേക്ക് കാണാവുന്ന അതിശക്തമായ ഒരു ക്യാമറയാണ് ഇലിനോയിസിലെ നോര്‍ത്വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പരിചയപ്പെടുത്തുന്നത്.
ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മുന്‍പ് പരിചയമില്ലാത്ത, സിന്തെറ്റിക് വേവ്ലെങ്ത് ഹോളോഗ്രഫി എന്നു വിശേഷിപ്പിക്കുന്ന സാങ്കേതികവിദ്യയാണ്. മറഞ്ഞിരിക്കുന്ന വസ്തുക്കളിലേക്ക് പ്രകാശം ചിതറിച്ചു വിടുകയും, അതു വീണ്ടും ചിതറി തന്നെ തിരിച്ച് ക്യാമറയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു എന്നാണ് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രകാശത്തെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പുനഃസൃഷ്ടിച്ചാണ് ഉള്‍ഭാഗങ്ങളും അരികുകളും മൂലകളും എല്ലാം കാണിക്കുന്നത്.
വാണിജ്യ ആവശ്യത്തിനായി ഇത് ഉപയോഗിക്കണമെങ്കില്‍ പത്തു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷേ, പുതിയ സാങ്കേതികവിദ്യ എത്തുമ്പോള്‍ അത് കാറുകളിലും സിസിടിവികളിലും മെഡിക്കല്‍ സ്‌കാനറുകളിലും വരെ ഉപയോഗിക്കാനാകും. ഇതോടെ കൊളോണോസ്‌കോപ്പി, എന്‍ഡോസ്‌കോപ്പി പോലെയുള്ള മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടലിലെ ചുളുക്കുകള്‍ക്കുളളിലേക്കു പോലും കാണാന്‍ സാധിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. താത്കാലികമായി ഉന്നത റെസലൂഷനുള്ള ചിത്രങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അതിവേഗം നീങ്ങുന്ന കാറുകളിലും മറ്റും സഞ്ചരിക്കുമ്പോഴും ഒരു വളവിനപ്പുറത്ത് എന്തുണ്ടെന്നും, മൂടല്‍മഞ്ഞില്‍ എന്താണ് മറഞ്ഞിരിക്കുന്നത് എന്നും, കൂടാതെ ഹൃദയമിടിക്കുന്ന രീതി വരെ കാണാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
റോഡിലെ വളവിനപ്പുറത്തും, ഹൃദയത്തിനുള്ളിലും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുക എന്നത് പ്രത്യക്ഷത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളാണ്. ഇത്തരം സാഹചര്യങ്ങളില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ എന്ന് ഗവേഷകര്‍ പറയുന്നു. പുതിയ ഗവേഷണ മേഖലയായ നോണ്‍-ലൈന്‍-ഓഫ്-സൈറ്റ് അഥവാ എന്‍എല്‍ഒഎസ് എന്ന വിഭാഗത്തിനു കീഴിലാണ് സിന്തെറ്റിക് വേവ്ലെങ്ത് ഹോളോഗ്രഫിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയൊരു പ്രദേശം വരെ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഇത്. ചെറിയ വിശദാംശങ്ങള്‍ വരെ അതീവ കൃത്യതയോടെ ഒപ്പിയെടുക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഇത്രയധികം റെസലൂഷനുള്ള ചിത്രങ്ങള്‍ എടുക്കാമെന്നതിനാല്‍ നിര്‍മിച്ചുവരുന്ന കംപ്യൂട്ടേഷണല്‍ ക്യാമറയ്ക്ക് സൂക്ഷ്മ രക്തവാഹിനികളുടെ പ്രവര്‍ത്തനം പോലും കാണാനാകുമെന്നാണ് ഗവേഷകരില്‍ ഒരാളായ അമാന്‍ഡാ മോറിസ് പറയുന്നത്. വൈദ്യപരിശോധന മുതല്‍ വാഹന നാവിഗേഷന്‍ വരെ നിരവധി മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ഇപ്പോള്‍ നിര്‍മിച്ചു വരുന്ന ഇമേജിങ് സിസ്റ്റം എന്ന് ഗവേഷകര്‍ വ്യക്തമാക്കി. വ്യാവസായിക മേഖലകളിലടക്കം അനന്തമായ സാധ്യതകള്‍ ഇതിനുണ്ടെന്നും അവര്‍ പറയുന്നു.