ടെക് ഭീമൻ ഗൂഗിളിന്റെ 2024ലെ മൂന്നാം പാദ വരുമാന റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിൻ്റെ പുതിയ സോഫ്റ്റ് വെയർ കോഡിൻ്റെ 25 ശതമാനത്തിലധികം നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നിർമ്മിക്കുന്ന കോഡുകൾ പിന്നീട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ പരിശോധിക്കുകയാണ് ചെയ്യുന്നത്. കോഡിംഗ് രംഗത്തെ വിപ്ലവകരമായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ മുന്നേറ്റം കോഡർമാരുടെയോ സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെയോ ജോലി നഷ്ടപ്പെടുത്തുകയല്ലെന്നും മറിച്ച് ജോലിഭാരം ലഘൂകരിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വിലയിരുത്തൽ. സങ്കീർണമായ ജോലികളിൽ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് എഞ്ചിനീയർമാരെ കൂടുതല്‍ പ്രാപ്തമാക്കാൻ എഐയ്ക്ക് ഇതിലൂടെ സാധിക്കും. എങ്കിലും ഇത് എൻട്രി ലെവല്‍, കോഡിംഗ് ഉൾപ്പെടെയുള്ള ജോലികളുടെ ഭാവിയെക്കുറിച്ച് ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. കൂടാതെ ഇനി മുതൽ എഞ്ചിനീയർമാരും കോഡർമാർരും എഐ സംവിധാനങ്ങളുടെ മേല്‍നോട്ടം, പരിശോധന, നന്നാക്കൽ എന്നിവ ഉള്‍പ്പടെ പുതിയ കഴിവുകള്‍ നേടിയെടുക്കേണ്ടതായും വരും.
“ഗൂഗിളിലെ എല്ലാ പുതിയ കോഡുകളുടെയും നാലിലൊന്ന് ഭാഗവും നിർമ്മിത ബുദ്ധിയാണ് തയ്യാറാക്കിയിരിക്കുന്നത്,” ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. എഐ ഉപയോഗിച്ച് കോഡിംഗ് പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന്റെ സമയം ലഘൂകരിക്കുന്നതിനൊപ്പം വേഗത്തിൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് എഞ്ചിനീയർമാരെ പ്രാപ്തരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പിച്ചൈ വ്യക്തമാക്കി. ഗൂഗിളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് എഐ -അധിഷ്ഠിത കോഡിംഗ് സഹായം തേടുന്നത്. ഇതിന്റെ ഭാഗമായി, ജെമിനി പോലുള്ള പുതിയ മോഡലുകളുടെ വേഗത്തിലുള്ള വിന്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ഗവേഷണം, മെഷീൻ ലേണിംഗ്, സുരക്ഷാ ടീമുകളെ അടുത്തിടെ സംയോജിപ്പിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ഡെവലപ്പർമാർക്ക് എഐ പവർ ടൂളുകൾ ആക്സസ് ചെയ്യുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പായി GitHub Copilot വഴി ജെമിനി ഇപ്പോൾ ലഭ്യമാണെന്ന് പിച്ചൈ ബ്ലോഗിൽ അറിയിച്ചിരുന്നു. വീഡിയോ എഐയിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച രീതി മാറ്റാനും പുതിയ എഐ ഫീച്ചറുകൾ ഉപയോഗിച്ച് ഗൂഗിളിൻ്റെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താനും ആണ് എഐ ഉപയോഗിച്ച് കമ്പനി ലക്ഷ്യമിടുന്നതെന്നും സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.