ഐഎസ്ആർഒയുടെ (ISRO) അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് എൻ2(ജിസാറ്റ്20) വിനെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചെവ്വാഴ്ച അർദ്ധരാത്രി 12.01 ഓടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് വിക്ഷേപിച്ചത്. 34 മിനിറ്റുകൾക്ക് ശേഷം ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെട്ട് വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) സ്‌പേസ് എക്‌സും തമ്മിലുള്ള വാണിജ്യ സഹകരണത്തിലെ ആദ്യ വിക്ഷേപണമാണിത്. ജിസാറ്റ് എൻ2നെ ( ജിസാറ്റ് 20 ) ഫാൽക്കൺ 9 റോക്കറ്റ് കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാധാകൃഷ്ണൻ ദുരൈരാജ് എൻഡിടിവിയോട് പറഞ്ഞു.
ഐഎസ്ആർഒയുടെ സാറ്റലൈറ്റ് സെന്ററും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്ററും സംയുക്തമായതാണ് അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് എൻ2 നിർമ്മിച്ചത്. സെക്കൻഡിൽ 48 ജിബി ഡേറ്റ ട്രാൻസ്മിഷൻ ശേഷിയുള്ള ജിസാറ്റ് രാജ്യത്ത് മുഴുവൻ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനും വിമാനത്തിനുള്ളിൽ ഇൻ്റർനെറ്റ് കണക്റ്റിവിറ്റി നൽകുനതിനും ലക്ഷ്യമിട്ടുള്ളതാണ്.ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇൻ്റർനെറ്റ സേവനം എത്തിക്കാൻ ജിസാറ്റ് സഹായിക്കും.ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്റ്റിവിറ്റി ലഭ്യമാകും. 14 വർഷമാണ് ജിസാറ്റ് എൻ2വിന്റെ കാലാവധി.
4700 കിലോഗ്രാമാണ് ജിസാറ്റ് എൻ2 വിന്റെ ഭാരം. ഇത്രയും ഭാരം വഹിക്കാനുള്ള ശേഷി ഇന്ത്യയുടെ എറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എൽവിഎം3 യ്ക്ക് ഇല്ലാത്തതിനാലാണ് സ്പേസ്എക്സിന്റെ സഹായം തേടിയത്. 4000 കിലോഗ്രാമാണ് എൽവിഎം 3യുടെ പരമാവധി വാഹക ശേഷി.