സൂചികൊണ്ടുള്ള കുത്തിവെപ്പ് ചിലർക്കെങ്കിലും പേടി സ്വപ്നമാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബോംബെ ഐഐടി. സൂചിയില്ലാത്ത കുത്തിവെപ്പ് എടുക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടെത്തിയിരിക്കുകയാണ് അവര്‍. സൂചിയില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് ഇനി മരുന്നുകള്‍ രോഗിക്ക് നല്‍കാന്‍ കഴിയും.
ഐഐടി ബോംബെയിലെ എയറോസ്‌പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. വിരേന്‍ മെനസെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിഞ്ച് വികസിപ്പിച്ചെടുത്തത്. മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ചര്‍മം തുളയ്ക്കാതെ തന്നെ മരുന്ന് ഉള്ളില്‍ നല്‍കാന്‍ കഴിയും. ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ഷോക്ക് വേവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുക.
വിമാനത്തിന്റെ വേഗത്തേക്കാൾ ഇരട്ടി വേഗതയിലാണ് ഈ സിറിഞ്ച് ശരീരത്തിനുള്ളില്‍ പ്രവേശിക്കുക. വേഗത്തിലും വേദനയില്ലാതെയുമാണ് ഇത് ശരീരത്തില്‍ തുളച്ചു കയറുക. അതിനാൽ മരുന്നു കയറുമ്പോള്‍ രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നുകയുമില്ല. പരമ്പരാഗത രീതിയിലുള്ള കുത്തിവയ്പ്പുകള്‍ക്കുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും ഇതില്‍ കുറവായിരിക്കും.
ഒരു ബോള്‍പോയിന്റ് പേനയുടെ വലിപ്പമുള്ള ഉപകരണത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത നോസില്‍ സജ്ജീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രമാത്രം വീതിയാണ് ഈ നോസിലിന് ഉള്ളത്. ഇതാണ് കുത്തിവെപ്പ് എടുക്കുമ്പോള്‍ വേദന കുറയ്ക്കുന്നതും കാര്യക്ഷമത ഉറപ്പാക്കുന്നതും
പരീക്ഷണങ്ങള്‍ വിജയം
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്നുകള്‍ ഫലപ്രദമായി കുത്തിവെക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി.
അനസ്‌തേഷ്യ പരീക്ഷണങ്ങള്‍: ഷോക്ക് സിറിഞ്ചിലൂടെ അനസ്‌തേഷ്യ വിജയകരമായി നല്‍കാന്‍ കഴിഞ്ഞു. 3 മുതല്‍ നാല് മിനിറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും 20 മുതല്‍ 30 മിനിറ്റ് വരെ അതിന്റെ ഫലം നീണ്ടുനില്‍ക്കുന്നതായും കണ്ടെത്തി.
ആന്റിഫംഗല്‍ ചികിത്സയില്‍ ചര്‍മത്തിന്റെ ആഴങ്ങളിലേക്ക് സിറിഞ്ച് എത്തിയതായും മരുന്ന് വേഗത്തില്‍ ആഗിരണം ചെയ്യപ്പെട്ടതായും കണ്ടെത്തി.
ഇന്‍സുലില്‍ ഡെലിവറി: ഷോക്ക് സിറിഞ്ച് ഉപയോഗിച്ചുള്ള ചികിത്സയ്ക്കിടെ പ്രമേഹ ബാധിതരായ എലികളില്‍ ദീര്‍ഘനേരത്തെക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിർത്താൻ സഹായിക്കുന്നതായി കണ്ടെത്തി.
ഇതിന് പുറമെ ഷോക്ക് സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ പരമ്പരാഗത സിറിഞ്ചുകളേക്കാള്‍ വേഗത്തില്‍ അസുഖം ഭേദമായതായും നീര്‍വീക്കം കുറവാണെന്നും തുടര്‍ച്ചയായുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തി.
ഭാവിയിലെ സാധ്യതകള്‍
വാക്‌സിനേഷന്‍ പ്രചാരണങ്ങളില്‍ വലിയ മാറ്റം ഈ ഷോക്ക് സിറിഞ്ചുകള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്, പ്രത്യേകിച്ച് കുട്ടികളില്‍. സൂചി ഉപയോഗിച്ച് കുത്തുമ്പോഴുള്ള അണുബാധകൾ തടയാനും കഴിയും. നോസില്‍ മാത്രം മാറ്റി ആയിരത്തിലേറെ തവണ ഈ സിറിഞ്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ചെലവ് കുറയ്ക്കാനും സഹായിക്കും.