മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ചികിത്സയ്ക്ക് ശേഷം മുംബൈയിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡിസംബര്‍ 21നാണ് 52കാരനായ കാംബ്ലിയെ മുംബൈയിലെ അകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ ഏകദിന ജഴ്‌സി അണിഞ്ഞാണ് കാംബ്ലി ആശുപത്രിയില്‍നിന്ന് മടങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ആരാധകരെ കൈവീശിക്കാണിച്ച അദ്ദേഹത്തിന്റെ കൈയ്യില്‍ ക്രിക്കറ്റ് ബാറ്റ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അകൃതി ഹെല്‍ത്ത് സിറ്റി ഹോസ്പിറ്റലിലെ ഡോ. ശൈലേഷ് താക്കൂര്‍ ആണ് വിനോദ് കാംബ്ലിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ‘‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ പോകുകയാണ്,’’ താക്കൂറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രി വിടുന്നതിന് മുമ്പ് കാംബ്ലി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. താന്‍ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതായി പറഞ്ഞ അദ്ദേഹം എല്ലാവര്‍ക്കും പുതുവത്സരാംശസകള്‍ നേരുകയും ചെയ്തു. മദ്യം കഴിക്കരുതെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
‘‘ഡോ. താക്കൂര്‍ എന്റെ ആരോഗ്യം വീണ്ടെടുത്ത് നല്‍കി. ആരോഗ്യം വീണ്ടെടുത്താന്‍ മാത്രമെ തിരിച്ചുവരികയുള്ളൂവെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിനോദ് കാംബ്ലി ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്ന് ശിവജി പാര്‍ക്കിലെ ആളുകളെ ഞാന്‍ കാണിച്ച് കൊടുക്കും. ഇവര്‍ എനിക്ക് ആശുപത്രിയില്‍വെച്ച് ക്രിക്കറ്റ് പരിശീലനം നല്‍കി. അപ്പോള്‍ ഞാന്‍ സിക്‌സും ഫോറും മാത്രമാണ് അടിച്ചത്,’’ കാംബ്ലി പറഞ്ഞു. ‘‘പുതുവര്‍ഷം ആസ്വദിക്കൂ, മദ്യപിക്കരുത്, ജീവിതം ആസ്വദിക്കൂ,’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂത്രത്തില്‍ അണുബാധയും പേശി വലിവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസംബര്‍ 21ന് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. വളരെ വേഗത്തില്‍ സുഖം പ്രാപിച്ച അദ്ദേഹം ആശുപത്രിയില്‍ നൃത്തം വെച്ചത് ആരാധകരെ ആകര്‍ഷിച്ചിരുന്നു. ഒരു ജനപ്രിയ ഗാനത്തിനാണ് ആശുപത്രി വാര്‍ഡില്‍വെച്ച് കാംബ്ലി നൃത്തം ചവിട്ടിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് രോഗികളിലും ആശുപത്രി ജീവനക്കാരിലും ആവേശം ഉയര്‍ത്തിയിരുന്നു. ആശുപത്രിയിലെ ഒരു നഴ്‌സും ഒരു സ്റ്റാഫും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.